കൊച്ചി: മെട്രോറെയിൽ പദ്ധതിക്കു വേണ്ടി തൃപ്പൂണിത്തുറ സീമ ആഡിറ്റോറിയം സ്ഥിതി ചെയ്യുന്ന സ്ഥലം ഏറ്റെടുക്കുമ്പോൾ ഭൂമിയുടെ വില നിശ്ചയിക്കുന്നതിനായി ഉടമ ഹാജരാക്കുന്ന രേഖകൾ പരിശോധിച്ച് ജില്ലാ കളക്ടർ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. 40 വർഷമായി പുരയിടമായി കിടക്കുന്ന ഭൂമി ഏറ്റെടുക്കുമ്പോൾ റവന്യൂ രേഖകൾ പ്രകാരം നിലമെന്ന് വിലയിരുത്തി നഷ്ടപരിഹാരം നിശ്ചയിച്ചതിനെതിരെ സ്ഥലമുടമയായ പ്രൊഫ. ഷൈലജ നൽകിയ ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് ഈ നിർദ്ദേശം നൽകിയത്. നടപടി ക്രമങ്ങൾ പാലിച്ച് മെട്രോ റെയിൽ പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കാനും അനുമതി നൽകിയിട്ടുണ്ട്.

നിലമെന്ന് വിലയിരുത്തി നഷ്ടപരിഹാരം നിശ്ചയിച്ചതു മൂലം തനിക്ക് അർഹമായ തുക ലഭിക്കില്ലെന്നായിരുന്നു ഹർജിക്കാരി വാദിച്ചത്. സ്ഥലം ഏറ്റെടുക്കുന്നതിനു മുമ്പ് ഭൂമിയുടെ യഥാർത്ഥ സ്ഥിതിയെന്തെന്ന് വിലയിരുത്തി നഷ്ടപരിഹാരം നിശ്ചയിക്കണമെന്നും വാദിച്ചു. ഈ വാദങ്ങൾ ഹൈക്കോടതി അംഗീകരിച്ചു. വില നിർണയത്തിനുള്ള രേഖകൾ ഹർജിക്കാരി കളക്ടർക്ക് നൽകാനും ഇതു പരിശോധിച്ച് 2013 ലെ നിയമപ്രകാരം മൂന്നു മാസത്തിനകം തീരുമാനം എടുക്കണമെന്നും സിംഗിൾബെഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്.