കളമശേരി: പൊതുമേഖലാസ്ഥാപനങ്ങളിലെ ജീവനക്കാർക്ക് റിട്ടയർമെന്റിനൊപ്പം ലഭിക്കുന്ന ലീവ് എൻകാഷ്മെന്റ് തുകയ്ക്കുള്ള ആദായ നികുതിയിളവ് പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ഫാക്ട് വർക്കേഴ്സ് ഓർഗനൈസേഷനും ഫാക്ടിലെ ജീവനക്കാരനായ ഒ.എസ്. ഷിനിൽവാസും നൽകിയ ഹർജിയിൽ എതിർ കക്ഷികൾക്ക് നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഹർജി പരിഗണിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന ലീവ് എൻകാഷ്‌മെന്റ് തുകയ്ക്ക് പൂർണമായും ആദായനികുതി ഇളവുണ്ട്. എന്നാൽ പൊതുമേഖലാസ്ഥാപനങ്ങളിലുൾപ്പെടെയുള്ള ജീവനക്കാർക്ക് ഈ ആനുകൂല്യം നൽകുന്നില്ലെന്ന് ഹർജിയിൽ പറയുന്നു.

പൊതുമേഖലാ സ്ഥാപനങ്ങളിലുള്ളവരുടെ മൂന്നു ലക്ഷം രൂപ വരെയുള്ള ലീവ് എൻകാഷ്‌മെന്റ് തുകയ്ക്ക് ആദായ നികുതിയിളവ് നിശ്ചയിച്ചിട്ടുണ്ട്. 2002 ലാണ് ഈ പരിധി നിശ്ചയിച്ചത്. പിന്നീട് ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പലമടങ്ങു വർദ്ധിച്ചെങ്കിലും ലീവ് എൻകാഷ്‌മെന്റ് തുകയ്ക്കുള്ള നികുതിയിളവു പരിധി പുതുക്കി നിശ്ചയിച്ചിട്ടില്ലെന്ന് ഹർജിയിൽ പറയുന്നു. കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ലീവ് എൻകാഷ്‌മെന്റ് തുകയായി 25-50 ലക്ഷം രൂപ വരെ ആദായനികുതിയില്ലാതെ ലഭിക്കുമ്പോൾ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നികുതി പിടിച്ച ശേഷമുള്ള തുകയാണ് ലഭിക്കുന്നത്. ഇതു വിവേചനമാണെന്നും ഹർജിയിൽ പറയുന്നു.