ആലുവ: നിത്യേന പൈപ്പുകൾ പൊട്ടി കുടിവെള്ളം മുടങ്ങുന്ന സാഹചര്യത്തിൽ ആലുവ നഗരസഭാ പരിധിയിൽ വാട്ടർ അതോറിട്ടിയുടെ കാലപ്പഴക്കംചെന്ന മുഴുവൻ ഭൂഗർഭ ജലവിതരണ പൈപ്പുകളും മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. നഗരസഭയുടെ കിഴക്കൻ പ്രദേശമായ 13 -ാം വാർഡിൽ ചെമ്പകശേരി, മാർവർ ഭാഗത്ത് നിരന്തരമായി പൈപ്പ് പൊട്ടുന്നതിനാൽ ജനങ്ങൾ കുടിവെള്ളം കിട്ടാതെ ദുരിതത്തിലാണ്. 60 വർഷത്തിലേറെ പഴക്കമുള്ള പൈപ്പുകളാണ് പ്രദേശത്ത് നിലവിലുള്ളത്. എന്നാൽ പൊട്ടിയ പൈപ്പ് നന്നാക്കുന്നതിന് പമ്പ് കവലയിലുള്ള മെയിൻ വാൽവ് അടച്ചാലേ ഈ പ്രദേശത്തെ കുടിവെള്ളപൈപ്പ് നന്നാക്കാൻ സാധിക്കുകയുള്ളൂ. അതിനാൽ ഈ പ്രദേശത്തു മാത്രമല്ല മറ്റു വാർഡുകളിലും ജലവിതരണം മുടങ്ങും. അതാത് പ്രദേശത്ത് വാൽവുകൾ സ്ഥാപിച്ചാൽ ആ ഭാഗത്തെ വാൽവ് അടച്ച് പൊട്ടിയ പൈപ്പുകൾ നന്നാക്കാൻ കഴിയും.

എത്രയും പെട്ടെന്ന് പഴയ പൈപ്പുകൾ മാറ്റി സ്ഥാപിക്കുകയോ വാർഡുകൾ തിരിച്ച് ഒന്നിലധികം വാൽവുകൾ സ്ഥാപിക്കുകയോ ചെയ്യണമെന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലത്തീഫ് പുഴിത്തറ ആവശ്യപ്പെട്ടു.