കളമശേരി: പാരിസ്ഥിതിക പഠനം നടത്താതെയും വിദഗ്ധ അഭിപ്രായം ആരായാതെയും റയിൽ വകുപ്പിന്റെ അനുമതിയില്ലാതെയും ഏകപക്ഷീയമായി പിണറായി വിജയൻ നടത്താൻ പോകുന്ന കെ റയിൽ പദ്ധതി 35000 ത്തോളം കുടുംബങ്ങളെ കുടിയിറക്കി നന്ദിഗ്രാം ആവർത്തിക്കാനുള്ള പുറപ്പാടാണെന്ന് ബി.ജെ.പി.സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ പറഞ്ഞു. യുവമോർച്ച ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മഹാറാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്ന അദ്ദേഹം. 1,25000 കോടി രൂപയുടെ അധിക ബാദ്ധ്യത വരുത്തി സംസ്ഥാനത്തെ വൻ കടക്കെണിയിലാക്കാനുള്ള പദ്ധതിയാണിത്. സൗത്ത് കളമശേരിയിൽ നിന്ന് ആരംഭിച്ച പ്രകടനം അപ്പോളോ ടയേഴ്സിനു മുന്നിൽ സമാപിച്ചശേഷമായിരുന്നു പൊതു സമ്മേളനം. ജയകൃഷ്ണൻ മാസ്റ്ററുടെ 22-ാമത് ബലിദാന ദിനത്തോടനുബന്ധിച്ചായിരുന്നു സമ്മേളനം. ജില്ലാ പ്രസിഡന്റ് വിഷ്ണു സുരേഷ് അദ്ധ്യക്ഷനായി. ബി.ജെ.പി. വിവിധ മോർച്ച നേതാക്കളായ എസ്. ജയകൃഷ്ണൻ, എൻ.പി. ശങ്കരൻ കുട്ടി, ജിജി ജോസഫ്, രേണു സുരേഷ്, കെ.എസ്.ഷൈജു, എസ്.സജി, സി.എം.മോഹനൻ, ആർ.സജികുമാർ, ഷാജി മൂത്തേടൻ, പ്രമോദ് തൃക്കാക്കര, ഹരികൃഷ്ണപ്രദീപ്, ശ്യാം ഹരിഹരൻ, കെ.വി.എസ്.ഹരിദാസ്, ബ്രഹ്മ രാജ്, തുടങ്ങിയവർ സംസാരിച്ചു.