ആലുവ: യോഗ്യതയില്ലാത്തയാളെ എടത്തല ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് ഓവർസിയർ തസ്തികയിലേക്ക് നിയമിച്ചതായി ആരോപിച്ച് പ്രതിപക്ഷ മെമ്പർമാർ സെക്രട്ടറിയെ ഉപരോധിച്ചു. അനധികൃതമായി നിയമിച്ചയാളെ പിരിച്ചുവിടുമെന്ന് സെക്രട്ടറി സമരക്കാർക്ക് ഉറപ്പുനൽകി.

മൂന്നുതവണ പത്രപ്പരസ്യം നൽകിയിട്ടും യോഗ്യരായ ആളെ ലഭിക്കാത്തതിനെത്തുടർന്ന് ഒരുമാസം മുമ്പാണ് പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിൽ മുഖാമുഖം നടത്തി നിയമിച്ചത്. ഇതേതുടർന്നാണ് പ്രതിപക്ഷ നേതാവ് എൻ.എച്ച്. ഷെബീറിന്റെ നേതൃത്വത്തിൽ പ്രതിപക്ഷാംഗങ്ങൾ സെക്രട്ടറിയെ ഉപരോധിച്ചത്. രാഷ്ട്രീയപ്രേരിതമായ അനധികൃത നിയമനങ്ങൾ അംഗീകരിക്കില്ലെന്നും സമരക്കാർ അറിയിച്ചു.