ellumala
പായിപ്ര സ്ക്കൂൾപടി - ത്രിവേണി റോഡ് സൈഡിൽ മുളവൂർ അശമന്നൂർ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന എള്ളുമല. ഇത് ഇടിച്ചു നിരത്തൽ തുടരുകയാണ്

മൂവാറ്റുപുഴ: സർക്കാർ തീരുമാനത്തിന് പുല്ലുവിലപോലും കല്പിക്കാതെ പായിപ്രയിൽ ഭൂമാഫിയ വിലസുന്നു. നിരവധി മലകൾ ഇടിച്ചുനിരത്തിയ ഭൂമാഫിയ ഇപ്പോൾ എള്ളുമലയും മയ്യുണ്ണിമലയും ഇടിച്ചുനിരത്തുന്ന തിരക്കിലാണ്. 40 ഏക്കറോളം വരുന്ന എള്ളുമല കുന്നത്തുനാട് മൂവാറ്റുപുഴ താലൂക്കുകളിലെ മുളവൂർ അശമന്നൂർ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്നു. പായിപ്ര സ്ക്കൂൾപ്പടി - ത്രിവേണി റോഡിൽ പായിപ്രക്കും ത്രിവേണിക്കും മദ്ധ്യേയാണ് എള്ളുമല സ്ഥിതിചെയ്യുന്നത്. 40 ഏക്കറോളം വരുന്ന ഇൗ സ്ഥലം ഭൂമാഫിയയുടെ പിടിയിലാണ്. പാരിസ്ഥിതിക പ്രശ്നങ്ങൾ കാരണം മണ്ണെടുപ്പും കരിങ്കൽ ഖനനവും നിർത്തിവക്കുവാൻ സർക്കാർ നിർദ്ദേശിച്ചെങ്കിലും ഭൂമാഫിയക്ക് ഇതൊന്നും ബാധകമല്ലെന്ന നിലയിലാണ് കാര്യങ്ങൾ. റവന്യൂ അധികാരികൾ സ്ഥലത്ത് വന്ന് കടമകഴിച്ച് മടങ്ങിയതല്ലാതെ തുടർനടപടിയൊന്നുമില്ല.

 മലതുരക്കൽ അധികാരികളുടെ മൗനാനുവാദത്തോടെയെന്ന്

മൈനിംഗ് ആൻഡ് ജിയോളജി, റവന്യൂ, പൊലീസ്, പഞ്ചായത്ത് എന്നീ വകുപ്പുകളിലെ അധികാരപ്പെട്ടവരുടെ മൗനാനുവാദത്തോടെയാണ് മലകൾ ഇടിച്ചുനിരത്തി മണ്ണടിക്കുന്നതെന്നാണ് ആരോപണം. ചെറിയമഴപെയ്താൻപാേലും വെള്ളപ്പൊക്കമുണ്ടാകുന്ന സാഹചര്യത്തിലാണ് സർക്കാർ കുന്നിടിക്കൽ നിർത്തിവക്കുവാൻ നിർദ്ദേശിച്ചത്. കേന്ദ്ര സർക്കാർ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച സ്കൂൾപ്പടി കല്ലുപാലം റോഡ് സാധാരണക്കാർക്ക് യാത്രചെയ്യുവാൻ കഴിയാത്ത വിധത്തിലാക്കി. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള മൈക്രോസ്റ്റേഷനും മണ്ണെടുപ്പ് ഭീഷണിയിലാണ്. ടോറസുകൾ ചീറിപ്പായുന്നതിനാൽ റോഡുസെഡുകളിലുള്ള വീടുകളിലെല്ലാം മണ്ണിന്റെ പൊടി അടിച്ചുകയറുകയാണ്. തങ്ങളുടെ രക്ഷകനായി ആരെത്തുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രദേശവാസികൾ.

ഓഫീസിൽ നിന്ന് യാതൊരുവിധ സമ്മതപത്രവും ഇതിന് നൽകിയിട്ടില്ലെന്ന് ആർ.ഡി.ഒ പി.എൻ. അനി പറഞ്ഞു. ഇത് സംബന്ധിച്ച് ഫയൽപരിശോധിച്ചാലേ പ്രതികരിക്കാനാവൂ എന്നാണ് ജിയോളജി വകുപ്പ് അധികൃതർ പറയുന്നു.