 
കളമശേരി: ഏലൂർ- എടയാർ മേഖലയിലെ മലിനീകരണം വർദ്ധിച്ചു വരുന്നതിൽ പ്രതിഷേധിച്ച് വാർഡ് കൗൺസിലർമാരും റെസിഡൻസ് അസോസിയേഷനുകളും സംയുക്തമായി പാതാളം കവലയിൽ ശ്രദ്ധ ക്ഷണിക്കൽ സംഘടിപ്പിച്ചു. ശുദ്ധ വായുവും ജലവും ഞങ്ങളുടെ ജന്മാവകാശമാണെന്ന് പ്രഖ്യാപിച്ചായിരുന്നു ശ്രദ്ധ ക്ഷണിക്കൽ. കിണറുകളിലെ വെളളം കുടിക്കാൻ പറ്റാതായി. തുകൽ, എല്ല്, അഴുകിയ മീനുകൾ, ഇവ കെട്ടിക്കിടന്ന് അഴുകുകയും പുഴുക്കൾ പെരുകുകയും ചെയ്തു. ദുർഗന്ധം മൂലം ഭക്ഷണം പോലും കഴിക്കാൻ പറ്റുന്നില്ല. രാസമഴയും ഏലൂരിൽ പതിവാണ്. അതിനാൽ പെരിയാറിന്റെ രണ്ട് കരകളും കോൺക്രീറ്റ് ഭിത്തി കെട്ടി സംരക്ഷിക്കണമെന്ന് നേതാക്കൾ പറഞ്ഞു. ഏലൂർ മുൻസിപ്പൽ ചെയർമാൻ എ.ഡി.സുജിൽ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ.ആർ. മാധവൻകുട്ടി, പി.എസ്. അഷ്റഫ്, ഷാജഹാൻ കവലയ്ക്കൽ, എം.ടി. നിക്സൻ, കെ.എം. അനിൽകുമാർ, എം.എം.മുഹമ്മദ്, പി.എം. അലികുട്ടി, ജയശ്രീ സതീഷ്, എം.ആർ. നീതു, കെ.എ.മാഹിൻ, പി.എം. അയൂബ്, കെ.മോഹനൻ, അബ്ദുൾ കരീം എന്നിവർ സംസാരിച്ചു.