ആലുവ: കേരളത്തിൽ സ്ത്രീകൾക്ക് സുരക്ഷയില്ലെന്നാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭർതൃപീഡന പരാതിയെ തുടർന്ന് പൊലീസ് സ്റ്റേഷനിൽ അപമാനിക്കപ്പെട്ടതിന്റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്ത മോഫിയ പർവീനിന്റെ മാതാപിതാക്കളെ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രിമിനൽ സ്വഭാവമുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് ക്രമസമാധന ചുമതല നൽകുന്നത് ശരിയല്ല. ഇത്തരക്കാരെ സർവീസിൽ നിന്നും നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണം. ആലുവ കേസിൽ പൊലീസ് ഉദ്യോഗസ്ഥനെ രക്ഷിക്കാൻ ശ്രമം നടക്കുന്നുണ്ട്. കുറ്റവാളികളായ മുഴുവൻ ആളുകൾക്കും നിയമാനുസൃതമായ ശിക്ഷ ഉറപ്പാക്കണമെന്നും ചെന്നിത്തല പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജനറൽ സെക്രട്ടറിമാരായ ബാബു പുത്തനങ്ങാടി, എം.ജെ. ജോമി, ജോസഫ് ആന്റണി, നഗരസഭ ചെയർമാൻ എം.ഒ. ജോൺ, ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് തോപ്പിൽ അബു, പഞ്ചായത്ത് അംഗം സാഹിത അബ്ദുൾ സലാം തുടങ്ങിയവരും ചെന്നിത്തലക്കൊപ്പം ഉണ്ടായിരുന്നു.
'പെരിയ ഇരട്ടക്കൊല: സി.പി.എം
നേതൃത്വത്തിന്റെ പങ്ക് വ്യക്തമായി'
ആലുവ: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ കൊലപ്പെടുത്തിയത് സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ബ്രാഞ്ച് സെക്രട്ടറിയെ ഉൾപ്പെടെ സി.ബി.ഐ അറസ്റ്റ് ചെയ്തതോടെ വ്യക്തമായെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തുടക്കം മുതൽ കേസ് അട്ടിമറിക്കാനാണ് പൊലീസും സർക്കാരും ശ്രമിച്ചത്. പ്രതികൾക്ക് വേണ്ടി ഉയർന്ന ഫീസ് നൽകി സുപ്രീംകോടതി അഭിഭാഷകരെ വരെ സർക്കാർ കൊണ്ടുവന്നു. സി.പി.എം ഉന്നത തലത്തിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണിത്. കേസിൽ ഇനിയും പ്രതികൾ പിടിയിലാകാനുണ്ടെന്നും ചെന്നിത്തല പറഞ്ഞു.