photo
വൈപ്പിൻ ഫോക്ക്‌ലോർ ഫെസ്റ്റിന്റെ ഭാഗമായി ബെന്നി പി. നായരമ്പലവും ടി. എ. സത്യപാലും ചേർന്ന് ആദ്യ ചുമർച്ചിത്ര ആലേഖനത്തിനു തുടക്കം കുറിക്കുന്നു

വൈപ്പിൻ: വൈപ്പിൻ ഫോക്ക്‌ലോർ ഫെസ്റ്റിന്റെ ഭാഗമായ ഗ്രാഫിറ്റിക്ക് പ്രൗഢഗംഭീര തുടക്കം. വൈപ്പിൻ മുനമ്പം ദേശീയപാതയിൽ 25 കിലോമീറ്ററോളം ദൈർഘ്യത്തിൽ ചുമരുകൾ നാടൻ, പൈതൃക, തദ്ദേശീയ, സാംസ്‌കാരിക ആലേഖനങ്ങൾകൊണ്ട് സചേതനമാകും. എടവനക്കാട് ഇല്ലത്തുപടിയിൽ ഗ്രാഫിറ്റി സമ്മേളനം തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം ഉദ്ഘാടനം ചെയ്തു. പഴക്കമേറിയ ചുമർചിത്രകല അഥവാ ഗ്രാഫിറ്റി എന്ന മഹത്തായ കലാരൂപം വൈപ്പിൻ ദ്വീപുസമൂഹത്തിൽ നിറസാന്നിദ്ധ്യമായി നിലകൊള്ളുവാൻ അവസരമുണ്ടായത് ഭാഗ്യമാണെന്ന് ബെന്നി പി. നായരമ്പലം പറഞ്ഞു. വി.എഫ്.എഫ് ചെയർമാൻ കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കേരളീയ സമൂഹത്തിൽ വായിച്ചറിവിനൊപ്പം കണ്ടറിവും ഉൾച്ചേർന്ന സംസ്‌കാരം ആവശ്യമുണ്ടെന്നും അത് സാക്ഷാത്ക്കരിക്കാൻ ഗ്രാഫിറ്റി എന്ന വേറിട്ട സംരംഭം ചവിട്ടുപടിയാകുമെന്നും മുഖ്യാതിഥിയായ ചിത്രകാരനും കേരള ലളിതകലാ അക്കാഡമി മുൻ ചെയർമാനുമായ ടി. എ. സത്യപാൽ പറഞ്ഞു.

എടവനക്കാട്ടെയും മാലിപ്പുറത്തെയും അഞ്ചിടങ്ങളിൽ ചിത്രകാരന്മാർ ഗ്രാഫിറ്റി ആരംഭിച്ചു. രാഹുൽ നന്ദകുമാറിന്റെ സോപാനസംഗീതത്തിന്റെ അകമ്പടിയോടെ ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തിൽ കോ ഓർഡിനേറ്റർ ബോണി തോമസ് ആമുഖപ്രഭാഷണം നടത്തി. ചലച്ചിത്ര പിന്നണിഗായിക ബിന്ദുവിന്റെ ഗാനാലാപനവും എം.ജി സർവകലാശാല സെനറ്റംഗം എൻ.എസ്. സൂരജിന്റെ കവിതാലാപനവും ചടങ്ങിന് മിഴിവേകി.
കെ.ജെ. മാക്‌സി എം.എൽ.എ, കൊച്ചിൻ ഷിപ്പ്‌യാർഡ് സി.എസ്.ആർ. മേധാവി പി. എൻ. സമ്പത്ത്കുമാർ, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൾസലാം, വൈസ് പ്രസിഡന്റ് വി. കെ. ഇഖ്ബാൽ, എ. പി. പ്രിനിൽ, അഡ്വ. എ.ബി. സാബു, കെ.യു. ജീവൻമിത്ര എന്നിവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എം.ബി. ഷൈനി, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ തുടങ്ങിയവർ സന്നിഹിതരായി.