cpm
തൃക്കാക്കര മുൻസിപ്പൽ ഓഫീസ് മാർച്ച് സി.പി.എം തൃക്കാക്കര ഏരിയ സെക്രട്ടറി എ.ജി. ഉദയകുമാർ ഉദ്ഘാടനം ചെയ്യുന്നു

# അജണ്ടയ്ക്കെതിരെ വിയോജനക്കുറിപ്പ് നൽകി കോൺഗ്രസ്, ലീഗ് കൗൺസിലർമാർ

തൃക്കാക്കര: നഗരസഭയിൽ കഴിഞ്ഞദിവസം കൗൺസിൽ യോഗത്തിനിടെയുണ്ടായ സംഘർഷത്തെത്തുടർന്ന് അറസ്റ്റിലായ കോൺഗ്രസ് മണ്ഡലം പ്രസിഡന്റും കൗൺസിലറുമായ സി.സി വിജുവിനും സി.പി.ഐ തൃക്കാക്കര മണ്ഡലം അസിസ്‌റ്റന്റ് സെക്രട്ടറിയും കൗൺസിലറുമായ എം.ജെ ഡിക്‌സനും കോടതി ജാമ്യം അനുവദിച്ചു. ഇന്നലെ രാവിലെ ഏഴുമണിയോടെ ഇരുവരെയും വീടുകളിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കേസിൽ പ്രതികളായ യു.ഡി.എഫ് കൗൺസിലർമാരായ ഷാജി വാഴക്കാല, എം.ഒ. വർഗ്ഗിസ്, എൽ.ഡി.എഫ് കൗൺസിലർമാരായ പി.സി മനൂപ്, അജ്ജുന ഹാഷിം, റസിയ നിഷാദ്, ജിജോ ചങ്ങം തറ, കെ.എക്സ്. സൈമൺ എന്നിവരുടെ വീടുകളിൽ പൊലീസ് തെരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. മറ്റ് പ്രതികളായ ചെയർപേഴ്സൻ അജിത തങ്കപ്പൻ, കൗൺസിലർ ഉണ്ണി കാക്കനാട് എന്നിവർ ആശുപത്രിയിൽ ചികിത്സയിലുമാണ്.

ഇരു പക്ഷത്തിന്റെയും പരാതിയെ തുടർന്ന് ഇന്നലെ തൃക്കാക്കര അസി.കമ്മീഷണർ ബേബിയുടെ നേതൃത്വത്തിൽ തൃക്കാക്കര നഗരസഭ കൗൺസിൽ ഹാളിലെത്തി തെളിവെടുപ്പ് നടത്തി.

കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത കൗൺസിലിന്റെ അജണ്ടകളിൽ എൽ.ഡി.എഫിന്റെ 18 കൗൺസിലർമാരും കോൺഗ്രസിലെ നാലുപേരും മുസ്ലിം ലീഗിലെ ഒരാളും വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. 43 അംഗ കൗൺസിലിൽ ഇരുപത്തി മൂന്ന് അംഗങ്ങൾ പ്രധാന അജണ്ടകൾക്കെതിരെ വിയോജിപ്പ് പ്രകടിപ്പിച്ചതോടെ അജണ്ടകൾ വീണ്ടും കൗൺസിൽ ചർച്ച ചെയ്യേണ്ടിവരും. നേരത്തെ നടന്ന പണക്കിഴി വിവാദത്തെത്തുടർന്നുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ചെയർപേഴ്സന്റെ കാബിന്റെ ലോക്ക് കേടുവന്നതിനെത്തുടർന്ന് ലോക്ക്, ഗ്ളാസ് എന്നിവ നന്നാക്കിയ വകയിൽ 8,000 രൂപ മുൻ‌കൂർ അനുമതി നൽകിയത് പ്രതിപക്ഷം ചോദ്യംചെയ്തതിനെത്തുടർന്നായിരുന്നു ബഹളവും കൈയാങ്കളിയും.

# പ്രതിരോധിക്കേണ്ടിവരും: ഉദയകുമാർ

ചെയർപേഴ്സൻ അടക്കമുള്ളവരുടെ അഴിമതികൾ കൗൺസിൽ യോഗത്തിൽ തുറന്നുകാട്ടുമ്പോൾ ഇടത് വനിതാ കൗൺസിലർമാരെയടക്കം ആക്രമിക്കുന്ന അവസ്ഥ കോൺഗ്രസ് കൗൺസിലർമാർ തുടർന്നാൽ പ്രതിരോധിക്കേണ്ടിവരുമെന്ന് സി.പി.എം തൃക്കാക്കര ഏരിയ സെക്രട്ടറി എ.ജി. ഉദയകുമാർ പറഞ്ഞു.എൽ.ഡി.എഫ് കൗൺസിലർമാരെ ആക്രമിച്ച കോൺഗ്രസ് കൗൺസിലർമാരുടെ നടപടിക്കെതിരെ തൃക്കാക്കര മുനിസിപ്പൽ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.ഐ ലോക്കൽ കമ്മറ്റി സെക്രട്ടറി കെ.ടി രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.സി.പി.എം ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.ടി. എൽദോ,സി.എൻ. അപ്പുകുട്ടൻ, കെ.ആർ. ബാബു, സി.പി .ഐ മണ്ഡലം സെക്രട്ടറി കെ.കെ സന്തോഷ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു.


കള്ളക്കേസ് പാടില്ല: മുഹമ്മദ് ഷിയാസ്

സി.പി.എം ഓഫീസിൽ നിന്നുളള നിർദ്ദേശപ്രകാരം കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പൊലീസ് കളളക്കേസെടുക്കുന്നത് അവസാനിപ്പിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. കോൺഗ്രസ് കൗൺസിലറെ കള്ളകേസിൽപ്പെടുത്തി അറസ്റ്റ് ചെയ്തെന്ന് ആരോപിച്ച് തൃക്കാക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃക്കാക്കര സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് നൗഷാദ് പല്ലച്ചി, ഡി.സി.സി ഭാരവാഹികളായ പി.ഐ.മുഹമ്മദാലി, പി.കെ.അബ്ദുൾ റഹ്മാൻ, സേവ്യർ തായങ്കേരി, അബ്ദുൾ ലത്തീഫ് ,ലാലി ജോഫിൻ, മണ്ഡലം പ്രസിഡന്റ് എം.എസ്.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.