കൊച്ചി: മരട് നഗരസഭാ പരിധിയിൽ വർദ്ധിച്ചുവരുന്ന അനധികൃത ഹോട്ടലുകൾക്കും ലോഡ്ജുകൾക്കുമെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എ.ഐ. വൈ.എഫ് പ്രക്ഷോഭം നടത്തുമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.ആർ.സുജിത്ത് അറിയിച്ചു.

കൂണുകൾ പോലെ ഇത്തരം അനധികൃത ലോഡ്ജുകൾ മരടിൽ പൊട്ടി മുളയ്ക്കുകയാണ്. മയക്കുമരുന്ന് ഇടപാടുകളും അനാശാസ്യവൃത്തികളും ഉൾപ്പടെ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങൾ കൂടിയായി ഈ സ്ഥാപനങ്ങൾ മാറുന്നുണ്ടെന്നതും ആശങ്കാജനകമാണ്.

കുണ്ടന്നൂരിലും നെട്ടൂരിലും ചികിത്സയ്ക്കെത്തുന്ന രോഗികൾക്കും ബന്ധുക്കൾക്കും വേണ്ടിയെന്ന പേരിൽ നടത്തുന്ന ഒട്ടേറെ ലോഡ്ജുകൾക്കും ലൈസൻസില്ലെന്ന് സുജിത്ത് പറഞ്ഞു. അമിത നിരക്കാണ് ഇവർ ഈടാക്കുന്നത്. ലൈസൻസ് എടുക്കാത്തതിനാൽ നഗരസഭയ്ക്ക് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പും നടക്കുന്നുണ്ട്. ഉദ്യോഗസ്ഥരും നഗരസഭാ അധികൃതരും ഇതിന് ഒത്താശ ചെയ്യുകയാണ്. അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭവുമായി രംഗത്തുവരുമെന്ന് സുജിത്ത് പറഞ്ഞു.