പിറവം: സാമൂഹ്യനീതി വകുപ്പിന്റെ സഹചാരി അവാർഡ് രാമമംഗലം ഹൈസ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിക്ക് ലഭിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങൾക്ക് നൽകുന്ന ജില്ലാതല അവാർഡാണിത്. രാമമംഗലം ഹൈസ്കൂളിലെ എസ്.പി.സി യൂണിറ്റിന്റെ കഴിഞ്ഞ ഒരുവർഷത്തെ പ്രവർത്തനങ്ങളാണ് അവാർഡിന് അർഹമാക്കിയത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ വീടുകളിൽ സന്ദർശനം, വീടുകളിലെത്തി പഠനത്തിൽ സഹായിക്കാൻ വിവിധ പരിപാടികൾ, നോട്ടുബുക്ക് വിതരണം, ഓണക്കോടി വിതരണം, മെന്ററിംഗ്, പഠനോപകരണങ്ങൾ, ഭക്ഷ്യധാന്യക്കിറ്റുകൾ, ചികിത്സാസഹായം എന്നിവ ലഭ്യമാക്കൽ തുടങ്ങിയവ എസ്.പി.സി. നിർവഹിച്ചിരുന്നു. 10000 രൂപയും പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഇന്ന് വൈകിട്ട് 3ന് തൃക്കാക്കര നഗരസഭഹാളിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും.