
കോലഞ്ചേരി: നെല്ലാട്-കിഴക്കമ്പലം റോഡിൽ ജനകീയസമര സമിതി പ്രവർത്തകർ ഇന്നലെ നടത്തിയ കണക്കെടുപ്പിൽ കണ്ടെത്തിയത് 2100 ലധികം വലിയ കുഴികൾ. ചെറുതാവട്ടെ എണ്ണിയാൽ തീരില്ല. ഒരാഴ്ച മുമ്പ് ഉണ്ടായിരുന്നതിലും 300 ലധികമാണ് വർദ്ധന. റോഡിലെ അറ്റകുറ്റപ്പണി തുടങ്ങാനിരിക്കെ ഓരോ ദിവസവും കുഴികളുടെ എണ്ണം കൂടി വരികയാണ്. അറ്റകുറ്റപ്പണിക്കായി 2.12 കോടി രൂപയനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തിയായി.
രാഷ്ട്രീയമില്ലാത്ത വാട്സ്ആപ്പ് കൂട്ടായ്മ
പത്ത് വർഷമായി നിരവധി രാഷ്ട്രീയ സമര പ്രഹസനങ്ങൾ കണ്ടു മടുത്തപ്പോൾ രാഷ്ട്രീയ കൊടിക്കീഴിൽ നിന്നു മാറി ഒരു കുടക്കീഴിൽ അണിനിരന്നതോടെ സമരചരിത്രത്തിൽ ഒരു പുതിയ അദ്ധ്യായത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. നെല്ലാട് റോഡ്ഗ്രൂപ്പ് എന്ന പേരിൽ തുടങ്ങിയ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഇവർ ഒന്നിച്ചത്. നിലവിൽ ഇത് ഒമ്പത് ഗ്രൂപ്പുകളായി. സമരത്തിന്റെ ആദ്യപടിയായി മുഖ്യമന്ത്രിക്കുള്ള ഭീമഹർജിയാണ് സമർപ്പിക്കുന്നത്. ഒരു ലക്ഷത്തോളം പേരാണ് ഹർജിയിൽ ഒപ്പിട്ടത്.
സമരത്തിന്റെ രണ്ടാംഘട്ടമായി നാളെ (ഞായർ) വൈകിട്ട് 7 മുതൽ പത്ത് മിനിറ്റ് കിഴക്കമ്പലം മുതൽ നെല്ലാട് റോഡ് കടന്നു പോകുന്ന വഴിയിലെ ലൈറ്റുകളണച്ച് പ്രതിഷേധജ്വാല തീർക്കും. മേഖലയിലെ സാമൂഹ്യ, സംസ്കാരിക, വ്യാപാര സംഘടനകളും സമരത്തിന് പിന്തുണയുമായെത്തിയിട്ടുണ്ട്. അതിനിടെ സമരസമിതി ഹൈക്കോടതിയിൽ നൽകിയ പൊതുതാത്പര്യ ഹർജി 14ന് പരിഗണിക്കും. റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് നാളിതുവരെ വന്ന പത്രവാർത്തകളും മുഖ്യമന്ത്രിക്ക് നൽകുന്ന ഭീമഹർജിയുൾപ്പടെ കോടതിമുമ്പാകെ ഹാജരാക്കുന്നുണ്ട്.
റോഡ് ബി.എം, ബി.സി നിലവാരത്തിൽ പണി പൂർത്തിയാക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. നിലവിൽ ഇതേ റോഡിന്റെ മൂവാറ്റുപുഴ മുതൽ വീട്ടൂർ വരെ ഉണ്ടായിരുന്ന ഭാഗം അതേ വീതിയിൽ ബി.എം, ബി.സി നിലവാരത്തിൽ ടാറിംഗ് പൂർത്തിയാക്കിയിരുന്നു. തുടർന്ന് വരുന്ന 14 കിലോമീറ്റർ ദൂരവും സമാനമായി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് റോഡിനെ ഈ ഗതിയിലാക്കിയത്. ആദ്യം കിഫ്ബിയും പിന്നീട് കെ.ആർ.എഫ്.ബിയും ഏറ്റെടുത്ത റോഡിനുള്ള സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് പൂർത്തിയാക്കാൻ കാലങ്ങളെടുക്കും. അതുകൊണ്ടാണ് നിലവിലുള്ള റോഡ് അതേ രീതിയിൽ പൂർത്തിയാക്കണമെന്ന ആവശ്യമുയരുന്നത്. റോഡിനിരുവശവുമുള്ള നിരവധി കൈയ്യേറ്റങ്ങൾ ഒഴിവാക്കി, പൊതുനിരത്തിൽ നിൽക്കുന്ന മരങ്ങളും മുറിച്ച് മാറ്റി, വാട്ടർ അതോറിറ്റിയുടെ കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റുന്നതടക്കം സാങ്കേതികപ്രശ്നങ്ങൾ നിരവധിയാണ്.
പാളിപ്പോയ റോഡ് ടെൻഡറിന്റെ ചരിത്രം
2018 ജൂലായ് 20 നാണ് ഈ റോഡിനായുള്ള കിഫ്ബിയുടെ ആദ്യ ടെൻഡർ നൽകിയത്. മനക്കക്കടവ് കിഴക്കമ്പലം പട്ടിമറ്റം നെല്ലാട് റോഡിന്റെ പുനരുദ്ധാരണവും പട്ടിമറ്റം പത്താംമൈൽ റോഡിന്റെ നിർമാണവുമായിരുന്നു തീർക്കേണ്ടിയിരുന്നത്. 2016 നവംബർ 1ന് 20 കോടി രൂപയ്ക്ക് പൂർത്തിയാക്കാൻ പൊതുമരുമത്ത് വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് സാംഗ്ഷൻ നൽകിയ റോഡാണ് പിന്നീട് കിഫ്ബി 32.63 കോടി രൂപയാക്കി വർദ്ധിപ്പിച്ചത്. ഇതിൽ 30.91 കോടി രൂപ ടെക്‌നിക്കൽ സാംഗ്ഷനും ലഭിച്ചു. മൂന്ന് വർഷം ഡിഫ്റ്റക് ലയബിൽറ്റി പീരീഡ് തീരുമാനിച്ച് 18 മാസംകൊണ്ടാണ് പണി പൂർത്തീകരിക്കേണ്ടിയിരുന്നത്. അതിൽ പത്താംമൈൽ പട്ടിമറ്റം റോഡും മനക്കക്കടവ് പള്ളിക്കര വരെയും പണി പൂർത്തിയാക്കി കരാറുകാരൻ പണി ഉപേക്ഷിച്ചു. ഇതു സംബന്ധിച്ച കേസും നിലവിൽ ഹൈക്കോടതിയിലുണ്ട്.
അതിജീവനത്തിനുള്ള നാട്ടുകാരുടെ സമരമാണിത്. സമരം നയിക്കാൻ നേതാക്കളില്ല, സ്വയം നേതൃത്വമേറ്റെടുക്കുന്ന നാട്ടുകാരാണ് നേതാക്കൾ. പത്ത് വർഷമായി തുടരുന്ന ദുരിതത്തിന് അറുതിവേണം. കാൽനട യാത്രപോലും കഴിയാതെ വന്നപ്പോഴാണ് നാട്ടുകാരുടെ കൂട്ടായ്മക്ക് രൂപം നൽകിയത്. സമാധാനപരമായ സമര മാർഗത്തിലൂടെ വിജയം വരെ പോരാടും
ബിജു മഠത്തിപറമ്പിൽ
ജനകീയ സമരസമിതി രക്ഷാധികാരി
നെല്ലാട് റോഡ്ഗ്രൂപ്പ് അഡ്മിൻ