road
പൂത്തോട്ട റോഡ്

കൊച്ചി: പൂത്തോട്ട റോഡിൽ റോഡ് മുറിച്ചു കടക്കാൻ ആരും ഒന്ന് ഭയക്കും. അമിത വേഗതമൂലം നാട്ടുകാർക്ക് റോഡിലോട്ട് എത്തി നോക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണിവിടെ. പുത്തൻകാവ് സ്റ്രോപ്പിന് സമീപമുള്ള ഭാഗത്ത് ദിവസേന അപകടമുണ്ടാകുന്നുണ്ട്. ദിവസങ്ങൾക്കുള്ളിൽ ഉണ്ടായത് 4 മരണങ്ങളും. ഇരുചക്ര വാഹനങ്ങൾ, കാറുകൾ, ബസുകൾ എന്നിവയെല്ലാം ഈ ഭാഗത്തുകൂടി അതിവേഗത്തിലാണ് കടന്നുപോകുന്നത്. രാവിലെ 9 മണിമുതൽ തുടങ്ങുന്ന വാഹനപാച്ചിൽ ഉച്ചയോടെ ശമിക്കും. വീണ്ടും 5 മണിമുതൽ മരണപാച്ചിൽ തുടങ്ങും. കോട്ടയം ഭാഗത്തേക്കും ജില്ലയുടെ നഗര ഭാഗത്തേക്കും ജോലിക്കായി പോകുന്നവരാണ് അമിത വേഗതയുണ്ടാക്കുന്നത്. ഒപ്പം ബസുകളുടെ മത്സരയോട്ടവും. കെ.എസ്.ആ‌ർ.ടി ബസുകളും സ്വകാര്യ ബസുകളും അമിത വേഗതയിൽ ഒട്ടും പിന്നിലല്ല. കഴിഞ്ഞ ദിവസം ഓട്ടോ ഇടിച്ച് കാൽ നടയാത്രക്കാരി മരിച്ചതും ഈ അമിത വേഗത മൂലമാണ്. ഇതിന് പരിഹാരം കാണാൻ നാട്ടുകാ‌ർ പലതവണ ആവശ്യപ്പെട്ടിട്ടും ഇതുവരെ അധികൃതരുടെ ഭാഗത്തു നിന്നും നടപടി ഉണ്ടായിട്ടില്ല. വാഹനപരിശോധനയ്ക്ക് എത്തുന്ന പൊലീസ് ഉദ്യോഗസ്ഥർ പോക്കറ്റ് നിറച്ച് പോകുന്നതല്ലാതെ അമിതവേഗതയും അപകട മരണങ്ങൾ കുറയ്ക്കാനും വേണ്ട നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാർ ഉന്നയിക്കുന്ന ആക്ഷേപം. വേഗത കുറയ്ക്കുന്നതിന് ആവശ്യമായ സൂചന ബോർഡുകളോ സിഗ്നൽ സംവിധാനങ്ങളോ പൊലീസിന്റെ സേവനമോ ഇവിടെ അടിയന്തരമായി ഒരുക്കി​യി​ല്ലെങ്കി​ൽ അപകടങ്ങൾ തുടരും.

നിറുത്താത്ത ബസുകൾ

വിദ്യാർത്ഥികൾ കാത്തിരുന്നാലും ബസുകൾ നിറുത്താതെ പോകുന്നതും പൂത്തോട്ട ഭാഗത്ത് സ്ഥിരം സംഭവമാണ്. പുത്തൻകാവ് ബസ് സ്റ്റോപ്പിൽ വിദ്യർത്ഥികൾ കാത്തു നിന്നാൽ സ്റ്റോപ്പിൽ നിന്നും ഒരുപാട് അകലെ മാത്രമെ ബസുകൾ നിറുത്തൂ. ഇക്കാരണങ്ങൾ ക്ലാസുകളിൽ എത്താൻ വിദ്യാർത്ഥികൾ വലയുകയാണ്. ഇതിനെതിരെ അധികൃതരുടെ ഭാഗത്തു നിന്നും നടപടി എടുക്കണമെന്ന് നാട്ടുകാർ പറയുന്നു.

പ്രശ്നങ്ങൾ പരിശോധിക്കും

റോഡ് നാലുവരി പാതയാക്കാനുള്ള പദ്ധതികൾ പുരോഗമി​ക്കുകയാണ്. സ്ഥലം ഏറ്റെടുപ്പിനെതിരെ ആളുകൾ പരാതി നൽകിയിട്ടുണ്ട്. നല്ല രീതിയിൽ ഉള്ള റോഡ് ആയതിനാൽ അമിത വേഗതയിലാണ് വാഹനഗതാഗതം. ഈ ഭാഗത്ത് സൂചനാ ബോർഡുകൾ സ്ഥാപിക്കുകയോ ട്രാഫിക് പൊലീസിനെ നിയോഗിക്കുന്നതുമായ കാര്യങ്ങൾ പരിശോധിച്ചിട്ട് ചെയ്യും.

കെ. ബാബു എം.എൽ.എ