പറവൂർ: ഭിന്നശേഷിക്കാർക്കായി തൊഴിൽ പരിശീലനം നൽകുന്ന ‘ഐഡിയൽ’ പദ്ധതി ഇന്ന് തുടങ്ങും. ദേശീയ ഭിന്നശേഷിദിനമായ ഇന്ന് രാവിലെ പത്തരക്ക് ഓൺലൈനായി വ്യവസായി എം.എ. യൂസഫലി ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ തുടങ്ങിയവർ പങ്കെടുക്കും. ഭിന്നശേഷിക്കാരുടെ കഴിവ് കണ്ടെത്തി പരിശീലനം നൽകി തൊഴിൽ ചെയ്യുവാൻ അവരെ പ്രാപ്തരാക്കുന്ന പദ്ധതിയാണിത്. അവർ നിർമിക്കുന്ന ഉത്പന്നങ്ങൾ വിപണനം നടത്താൻ പ്ലാറ്റ്ഫോം തയ്യാറാക്കും. തൊഴിൽചെയ്ത് ജീവിക്കാൻ ആവശ്യമായ വരുമാനം അവർക്ക് ലഭ്യമാക്കും. പറവൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ചാരിറ്റബിൾട്രസ്റ്റ് പ്രാർത്ഥന ഫൗണ്ടേഷനും കൊത്തലെൻഗോ എഡ്യൂക്കേഷനൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയും ചേർന്നാണ് നടപ്പാക്കുന്നത്. ‘ഇന്റലക്ച്വലി ഡിസേബിൾഡ് എംപവർമെന്റ് ആൻഡ് ലൈവ്‌ലിഹുഡ്’ എന്നാണ് ‘ഐഡിയൽ’ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. പതിനെട്ട് വയസിന് മുകളിലുള്ളവർക്കാണ് പരിശീലനം നൽകുക. അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനായി പരിശീലനത്തിലും ജോലിയിലും അവരുടെ അമ്മമാരെക്കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. കാർഷിക ഉത്പന്നങ്ങൾ, പഠനോപകരണങ്ങൾ, ഓഫീസ് ഐറ്റംസ്, ശുചീകരണ വസ്തുക്കൾ, ഭക്ഷ്യവസ്തുക്കൾ, കരകൗശല വസ്തുക്കൾ എന്നീ വിഭാഗങ്ങളിലായി പ്രകൃതി സൗഹാർദപരമായ ഉത്പന്നങ്ങളാണു നിർമിക്കുക. വിവിധ സ്ഥലങ്ങളിൽ നിർമിക്കുന്ന വസ്തുക്കൾ ഏകോപിപ്പിച്ച് ‘ഐഡിയൽ’ എന്ന പേരിൽ വിപണിയിൽ എത്തിക്കും. തുടക്കത്തിൽ ഓരോ ആഴ്ചയും ഓരോ സ്ഥലങ്ങൾ കണ്ടെത്തി വിപണനം നടത്തും. വില്പനയ്ക്കായി ഉടനെ ഓൺലൈൻ സംവിധാനം വരും. നിലവിൽ താലൂക്കിലെ 300 ഭിന്നശേഷിക്കാരുടെ കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും. ഘട് ഘട്ടമായി ജില്ലയുടെയും സംസ്ഥാനത്തിന്റെയും വിവിധ ഭാഗങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്ന് പ്രാർത്ഥന ഫൗണ്ടേഷൻ ചീഫ് വാളന്റിയർ കുര്യൻ ജോർജ്, കൊത്തലെൻഗോ എഡ്യൂക്കേഷനൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ഫാ. ഷോണി മാത്യു എന്നിവർ പറഞ്ഞു.