കൊച്ചി: തലമുറകളായി പലയിടങ്ങളിലെ വാടകവീടുകളിൽ അന്തിയുറങ്ങിയിരുന്ന 120 പേർക്ക് സ്വന്തം വീട്ടിൽ ജീവിക്കാനുള്ള വഴിതെളിയുന്നു. ലൈഫ് പദ്ധതിയിലൂടെയാണ് ഈ ഭൂരഹിതരുടെ സ്വപ്നം സാക്ഷാത്കരിക്കുന്നത്. പുത്തൻ വീടിന്റെ പ്ളാൻ തയ്യാറാക്കുന്ന തിരക്കിലാണ് എല്ലാവരും.

ലൈഫ്പദ്ധതിയുടെ മൂന്നാംഘട്ടപ്രകാരം മൂന്നു സെന്റ് സ്ഥലം വാങ്ങുന്നതിന് അഞ്ചേ കാൽ ലക്ഷം രൂപയാണ് അനുവദിക്കുന്നത്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് ആറു ലക്ഷം രൂപ ലഭിക്കും. കോർപ്പറേഷൻ പരിധിയിൽ തന്നെ സ്ഥലം വാങ്ങണമെന്ന് നിർബന്ധമില്ല. സ്വന്തം കീശയ്ക്ക് അനുയോജ്യമായ വിധത്തിൽ പഞ്ചായത്തിലോ മുനിസിപ്പാലിറ്റികളിലോ വീടു വയ്ക്കാനായി ഭൂമി വാങ്ങാം. സ്ഥലമുടമയുടെ അക്കൗണ്ടിലേക്കാണ് കോർപ്പറേഷൻ തുക ട്രാൻസ്ഫർ ചെയ്യുക.

രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായാൽ ഭവനനിർമ്മാണത്തിനുള്ള നാലു ലക്ഷം രൂപ ഘട്ടംഘട്ടമായി പുതിയ ഉടമയുടെ അക്കൗണ്ടിലേക്ക് എത്തും. കുടിവെള്ള കണക്ഷനായി അയ്യായിരം രൂപ അധികമായി അനുവദിക്കും. കോർപ്പറേഷൻ പരിധിയിലാണ് വീട് നിർമ്മിക്കുന്നതെങ്കിൽ തൊഴിലുറപ്പ് വിഹിതമായി 24000 രൂപ കൂടി ലഭിക്കും

 ലൈഫ് ഒന്നാം ഘട്ടം: പൂർത്തീകരിക്കാത്ത വീടുകളുടെ പൂർത്തീകരണം

രണ്ടാം ഘട്ടം: സ്ഥലം ഉള്ളവർക്ക് വീട്

മൂന്നാം ഘട്ടം: ഭൂരഹിത,ഭവനരഹിതർക്ക് വീട്

സ്ഥലം വാങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി 15 പേർ

ഏറ്റവും കൂടുതൽ അപേക്ഷകർ മട്ടാഞ്ചേരി,ഫോർട്ടുകൊച്ചി, പള്ളുരുത്തി മേഖലയിൽ നിന്ന്

 പ്രധാൻമന്ത്രി ആവാസ് യോജന പി.എം. എ.വൈയുമായി ബന്ധിപ്പിച്ചാണ് കോർപ്പറേഷനിൽ ലൈഫ് പദ്ധതി നടപ്പാക്കുന്നത്.

മൂന്നു ലക്ഷം രൂപയിൽ താഴെ കുടുംബവരുമാനം ഉള്ളവരെയാണ് ലൈഫ് പദ്ധതിയിൽ പരിഗണിക്കുന്നത്. 12 വർഷം കഴിഞ്ഞാൽ മാത്രമേ സ്ഥലം കൈമാറ്റം ചെയ്യാൻ അനുമതിയുള്ളു.

വീട് കിട്ടുന്ന സന്തോഷത്തിൽ

ട്രാൻസ്‌ജെൻഡർ
ലൈഫിലൂടെ സ്ഥലം ലഭിച്ച സംസ്ഥാനത്തെ ആദ്യ ട്രാൻസ്‌ജെൻഡറായ താര കൊച്ചിയിൽ നിന്നാണ്. വെണ്ണലയിൽ വാടകയ്ക്ക് താമസിക്കുന്ന ഇവർ രണ്ടുവർഷം മുമ്പാണ് ഭൂരഹിത ഭവനരഹിത അപേക്ഷ നൽകിയത്. അതിന് മുമ്പ് ലൈഫ് പദ്ധതിയെക്കുറിച്ച് അറിയാമായിരുന്നെങ്കിലും റേഷൻകാർഡില്ലാത്തതിനാൽ അപേക്ഷ നൽകാൻ കഴിഞ്ഞില്ല. പദ്ധതിയിലൂടെ ലഭിച്ച 2.25ലക്ഷം രൂപ ഉപയോഗിച്ച് കുട്ടമ്പുഴയിലാണ് താര മൂന്ന് സെന്റ് സ്ഥലം വാങ്ങിയത്. വീടിന്റെ പ്ലാൻ പാസാകുന്ന മുറയ്ക്ക് വീട് നിർമ്മിക്കാനുള്ള ആദ്യഗഡു ലഭിക്കും. രണ്ടുമാസത്തിനകം വീടുപണി തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണവർ. ട്രാൻസ്‌ജെൻഡർ അയൽക്കൂട്ടമായ നവജീവന്റെ സെക്രട്ടറിയാണ് താര. മേക്കപ്പ് ആർട്ടിസ്റ്റായും പാചകതൊഴിലാളിയായും ജോലി ചെയ്യുന്നു.