ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിൽപ്പെട്ട എടയപ്പുറത്തെ വിവാദ കാർബൺ പേപ്പർ നിർമ്മാണ യൂണിറ്റ് ജനവാസ മേഖലയിൽനിന്ന് മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കടവന്ത്രയിലെ പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസ് കാർബൺകമ്പനി വിരുദ്ധ ജനകീയസമരസമിതി ഉപരോധിച്ചു.
വനിതകളടക്കം നിരവധിപേർ ഉപരോധത്തിൽ പങ്കെടുത്തു. കാർബൺ ചൂടാക്കുമ്പോൾ ഉണ്ടാകുന്ന രൂക്ഷമായ ഗന്ധം പരിസരവാസികൾക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി നാട്ടുകാർ പി.സി.ബി അധികൃതരെ അറിയിച്ചു. ചീഫ് എൻജിനീയറുമായി നടത്തിയ ചർച്ചക്കൊടുവിൽ എത്രയുംവേഗം കമ്പനിയും പരിസരവും സന്ദർശിച്ച് നടപടിയെടുക്കാമെന്ന് സമ്മതിച്ചതായി സമരസമിതി അറിയിച്ചു. ഭാരവാഹികളായ സി.എസ്. അജിതൻ, വി.എ. റഷീദ്, കാജാമൂസ, എം.എം. അബ്ദുൾ അസീസ്, എം.ബി. ഉദയകുമാർ, സി.പി. ഉണ്ണി, പി.എ. സിദ്ധിക്ക് എന്നിവർ നേതൃത്വം നൽകി.