photo
നായരമ്പലം വാടേൽ കരുണ സ്‌പെഷ്യൽ സ്‌കൂളിൽ സംഘടിപ്പിച്ച ത്രിദിന സൗജന്യ പരിശീലന പരിപാടി കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: മത്സ്യസമ്പത്തിൽനിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങളുണ്ടാക്കുന്ന സംരംഭങ്ങൾ വൻതോതിൽ തൊഴിലവസരങ്ങളുണ്ടാക്കുമെന്ന് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പറഞ്ഞു. നായരമ്പലം വാടേൽ കരുണ സ്‌പെഷ്യൽ സ്‌കൂളിൽ കുസാറ്റ് സ്‌കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ത്രിദിന സൗജന്യ പരിശീലനപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിന് അവസരമൊരുക്കാൻ കൊള്ളലാഭം ലക്ഷ്യമിട്ട് മീൻകുഞ്ഞുങ്ങളെപ്പോലും കാർന്നൂറ്റിയെടുക്കുന്ന മത്സ്യബന്ധന രീതിക്കെതിരെയും ജലാശയങ്ങളിലെ പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെയും ജാഗരൂകരാകേണ്ടതുണ്ട്. കടലിനും കായലിനും നടുവിലുള്ള തീരദേശ മണ്ഡലമായ വൈപ്പിന്റെ സാമ്പത്തിക സാമൂഹിക നിലനിൽപ്പിനും അഭിവൃദ്ധിക്കും ഭീഷണി ഉയർത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് മറികടക്കാൻ സർക്കാർ അതീവശ്രദ്ധ പുലർത്തുന്നുണ്ടെന്നും എം.എൽ.എ പറഞ്ഞു.
പുതുവൈപ്പിൽ മത്സ്യസംസ്‌കരണ യൂണിറ്റ്, മുനമ്പം ഹാർബർ കേന്ദ്രമാക്കി മെഗാ ഫുഡ്പാർക്ക്, ഇൻഡസ്ട്രിയൽ പോർട്ട്, ഓഷ്യനേറിയം ഉൾപ്പെടുന്ന ഇന്റഗ്രേറ്റഡ് അക്വാപാർക്ക്, ഞാറക്കലിലും മാലിപ്പുറത്തുമുള്ള ഫിഷ്ഫാം അക്വാടൂറിസം കേന്ദ്രങ്ങളുടെ വികസനം തുടങ്ങിയ പദ്ധതികൾക്ക് നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്.
ഉദ്ഘാടന സമ്മേളനത്തിൽ നായരമ്പലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഫാ. സാബു നെടുനിലത്ത്, കരുണ സ്‌പെഷ്യൽ സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ വിമൽഗ്രേസ്, മാനേജർ സിസ്റ്റർ മേരി മാത്യു എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് പ്രൊഫ. ഡോ. ജിൻസൺ ജോസഫ് പരിശീലന പരിപാടിക്ക് നേതൃത്വംനൽകി.