 
നെടുമ്പാശേരി: ദുരിതത്തിലായ കർഷകർക്ക് കൃഷിഭവൻ തുണയായപ്പോൾ തേറാട്ടിക്കുന്ന് പാടശേഖരം വീണ്ടും പച്ച പുതച്ചു. ചെങ്ങമനാട് പഞ്ചായത്തിലെ ഒന്നാം വാർഡ് പാലപ്രശ്ശേരി തേറാട്ടിക്കുന്ന് പാടശേഖരത്തിൽ ആറ് ഹെക്ടർ സ്ഥലത്താണ് തേറാട്ടിക്കുന്ന് പാടശേഖര നെല്ലുത്പാദക സമിതി നെൽകൃഷിയിറക്കിയത്.
കഴിഞ്ഞ മാസം തുടർച്ചയായി പെയ്ത ശക്തമായ മഴയിലും പെരിങ്ങൽകുത്ത്, ഷോളയാർ ഡാമുകൾ തുറന്ന് വിട്ടതോടെ ചാലക്കുടിയാറ്റിൽ ജലവിതാനം ഉയർന്നതോടെയും കൃഷി പൂർണമായി നശിച്ചിരുന്നു. ഉമ വിത്തുപയോഗിച്ച് ആരംഭിച്ച മുണ്ടകൻ കൃഷി ഒരു മാസം പിന്നിട്ടതോടെയാണ് മഴയും പുഴയിലെ ജലമൊഴുക്കും കർഷകരെ തീരാദുരിതത്തിലാക്കിയത്. ബാങ്ക് വായ്പയെടുത്ത് കഠിനശ്രമം നടത്തിയാണ് പരമ്പരാഗത കർഷകരായ എ.എസ്. ഷാജി, എ.ബി. മോഹനൻ, എ.കെ. വിനോജ് എന്നിവരുടെ നേതൃത്വത്തിൽ കർഷകർ കൃഷിയാരംഭിച്ചത്. വാർഡംഗം റെജീന നാസർ പ്രശ്‌നം ചെങ്ങമനാട് കൃഷി ഓഫീസർ ദീപയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് കൃഷി വകുപ്പ് ആശ്വാസ, സഹായ, ആനുകൂല്യ നടപടി ധൃതഗതിയിലാക്കിയത്.
ആഴ്ചകൾക്കകം കുറെ ഭാഗത്ത് വെള്ളം ഇറങ്ങി. വെള്ളം ഇറങ്ങുന്ന സ്ഥലത്താണ് കൃഷിക്ക് വീണ്ടും തുടക്കം കുറിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പ്രദേശങ്ങളിൽ കൃഷി ആരംഭിക്കുമെന്ന് സമിതി പ്രസിഡന്റ് എ.എസ്. ഷാജിയും സെക്രട്ടറി എ.ബി. മോഹനനും പറഞ്ഞു.