municipality
ആലുവ നഗരസഭ

ആലുവ: ശതാബ്ദി നിറവിൽ നിൽക്കുന്ന ആലുവ നഗരസഭയിൽ തരംതാഴ്ത്തൽ വിവാദം പുകയുന്നു. പതിറ്റാണ്ടുകളായി എ ഗ്രേഡിലായിരുന്ന നഗരസഭയെ സി ഗ്രേഡിലേക്ക് ഭരണസമിതി തരംതാഴ്ത്തുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇതിനായി ജീവനക്കാരെ പുനർനിർണയിക്കുകയും മുനിസിപ്പൽ എൻജിനീയറെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടെ സ്ഥലം മാറ്റിയതായും പ്രതിപക്ഷം ആരോപിച്ചു.

പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഭരണപക്ഷം പറയുന്നു. നഗരസഭ തീരുമാനത്തിന് വിരുദ്ധമായി മുനിസിപ്പൽ എൻജിനീയറെ സ്ഥലംമാറ്റിയത് സർക്കാരാണെന്നും ഇതിനെതിരെ നഗരസഭ പരാതി അറിയിച്ചിട്ടുണ്ടെന്നും മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ പറയുന്നു.

പ്രതിപക്ഷ ആരോപണം

ഭരണസമിതി നഗരസഭയെ എ ഗ്രേഡിൽ നിന്ന് സി ഗ്രേഡിലേക്ക് തരംതാഴ്ത്താനുള്ള നീക്കമാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി മുനിസിപ്പൽ എൻജിനീയർ തസ്തിക ഇല്ലാതാക്കി. ജീവനക്കാരെ കുറയ്ക്കുന്നതിനായി സർക്കാരിനോട് ആവശ്യപ്പെടുകയും ജീവനക്കാരെ ഒഴിവാക്കുന്ന നടപടിയും ആരംഭിച്ചു. ഇതിനകം മൂന്ന് ജീവനക്കാരെ പകരം നിയമനമില്ലാതെ സ്ഥലംമാറ്റി. പുതിയ ഭരണസമിതി അധികാരത്തിലേറി ഒരുവർഷം പൂർത്തിയായിട്ടും വികസന പ്രവർത്തനങ്ങൾ ഒന്നും നടന്നിട്ടില്ല. മാലിന്യപ്രശ്‌നം, വെള്ളക്കെട്ട് പ്രശ്നങ്ങളെല്ലാം അതേപടി നിലനിൽക്കുന്നു. വരുമാനം വർദ്ധിപ്പിക്കുന്നതിന് നടപടിയില്ല. ഈ സാഹചര്യത്തിൽ 13ന് എൽ.ഡി.എഫ് നേതൃത്വത്തിൽ സമരം സംഘടിപ്പിക്കും.

രാജീവ് സക്കറിയ

കൺവീനർ, എൽ.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റി

ഭരണപക്ഷം പറയുന്നത്

പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതം. 5.17 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള നഗരസഭയിൽ നിലവിൽ 81 ജീവനക്കാരുണ്ട്. ജീവനക്കാർക്ക് ശമ്പളം നൽകുന്നതിന് പ്രയാസപ്പെടുകയാണ്. മുൻ തദ്ദേശമന്ത്രി എ.സി. മൊയ്തീന്റെ നിർദ്ദേശപ്രകാരം ജീവനക്കാരെ പുനർനിർണയിക്കാൻ തീരുമാനിച്ചിരുന്നു. മുനിസിപ്പൽ എൻജിനീയറെ നിലനിർത്തി അസി. എൻജിനീയറെയും 21 ജീവനക്കാരെ വരെയും ഒഴിവാക്കാനാണ് കൗൺസിൽ ഐകകണ്ഠ്യേന തീരുമാനിച്ചത്. ഈ വിവരം നിലവിലുള്ള തദ്ദേശമന്ത്രിയെയും അറിയിച്ചിരുന്നു. കഴിഞ്ഞയാഴ്ചത്തെ സർക്കാർ ഉത്തരവിൽ എം.ഇയെ കൂടാതെ മൂന്ന് ഓവർസിയർമാരെയും സ്ഥലംമാറ്റിയിരുന്നു. തിരുവനന്തപുരത്ത് ചീഫ് എൻജിനീയറുടെ ഓഫീലേക്കാണ് എം.ഇയെ മാറ്റിയത്. എം.ഇയെ പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചെയർപേഴ്സൺ ജെബി മേത്തറിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം മന്ത്രി എം.വി. ഗോവിന്ദനെ കണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

എം.ഒ. ജോൺ

ചെയർമാൻ, ആലുവ നഗരസഭ