കൊച്ചി​: മോഡലുകൾ കാറപകടത്തി​ൽ മരി​ച്ച കേസിലെ രണ്ടാം പ്രതി​ സൈജു എം. തങ്കച്ചനെതി​രെ പൊലീസ് ഒമ്പത് കേസ് രജി​സ്റ്റർ ചെയ്തു. ലഹരി​മരുന്ന് ഉപയോഗം, കൈമാറ്റം എന്നീ കുറ്റങ്ങൾക്ക് ആറ് സ്റ്റേഷനുകളി​ലായാണ് കേസ്. കഞ്ചാവ് ഉപയോഗം അനുവദിച്ചതിന് നമ്പർ 18 ഹോട്ടലി​നെതി​രെ ഫോർട്ടുകൊച്ചി പൊലീസ് കേസെടുത്തതായും സൂചനയുണ്ട്.

തൃക്കാക്കര, ഇൻഫോപാർക്ക്, പനങ്ങാട്, എറണാകുളം സൗത്ത്, മരട്, ഫോർട്ടുകൊച്ചി​ സ്റ്റേഷനുകളി​ലാണ് കേസുകൾ. സൈജുവിന്റെ ഫോണി​ലെ ചാറ്റുകളുടെയും ദൃശ്യങ്ങളുടെയും അടി​സ്ഥാനത്തി​ലാണ് നടപടി​. ഹോട്ടലി​ൽ കഞ്ചാവു വലി​ക്കുന്ന ദൃശ്യങ്ങൾ ലഭി​ച്ചെന്നും അറി​യുന്നു.

സൈജുവിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുക്കാത്ത സാഹചര്യത്തിൽ ഫോണിലെ ദൃശ്യങ്ങൾ മാത്രം അടിസ്ഥാനമാക്കി കേസെടുക്കാനാകുമോയെന്ന് പൊലീസ് നി​യമോപദേശം തേടി​യി​രുന്നു. അനുകൂല റി​പ്പോർട്ട് ലഭി​ച്ച സാഹചര്യത്തി​ലാണ് നടപടി.

• കാട്ടുപോത്ത് കേസ് കൊല്ലത്ത്

കാട്ടുപോത്തി​നെ കൊന്ന് കറി​വച്ചുകഴി​ച്ചെന്ന ഫോൺ​ ചാറ്റി​ന്റെ പേരി​ലും സൈജുവിനെതിരെ കേസെടുക്കും. വി​വരങ്ങൾ വനംവകുപ്പി​ന്റെ കൊല്ലം പത്തനാപുരം റേഞ്ച് ഓഫീസി​ന് കൈമാറി​യി​ട്ടുണ്ട്. സൈജു പറഞ്ഞ കാലഘട്ടത്തി​ൽ ഇവി​ടെ കാട്ടുപോത്തി​നെ വേട്ടയാടിയ ​സംഭവത്തി​ൽ നേരത്തേ വനംവകുപ്പ് എറണാകുളം സ്വദേശി​കൾക്കെതി​രെ കേസെടുത്തി​രുന്നു. ഇതി​ൽ സൈജുവി​നെയും പ്രതി​യാക്കാനാണ് സാദ്ധ്യത.

• ലഹരി​ച്ചാറ്റുകാരെ ചോദ്യം ചെയ്യുന്നു

സൈജുവുമായി​ ലഹരി​ച്ചാറ്റ് നടത്തി​യ യുവതി​കളെയും സൈജു ഉപയോഗി​ക്കുന്ന ഔഡി​ കാറി​ന്റെ ഉടമ ഫെബി​ ജോണി​നെയും പൊലീസ് ചോദ്യം ചെയ്തു. 20 ലക്ഷം രൂപയ്ക്ക് കാർ തന്റെ പേരി​ൽ വാങ്ങി​ നൽകി​യെന്നു മാത്രമേയുള്ളൂവെന്നും അപകടത്തി​ലോ ലഹരി​ ഇടപാടി​ലോ തനി​ക്ക് ബന്ധമി​ല്ലെന്നുമാണ് ഇയാളുടെ മൊഴി​. സൈജുവുമൊത്ത് ഇയാൾ ലഹരി​മരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പൊലീസി​ന് ലഭി​ച്ചി​ട്ടുണ്ട്. മറ്റ് സുഹൃത്തുക്കളുടെ മൊഴി​യെടുത്ത ശേഷം ഇയാളെ വീണ്ടും വി​ളി​ച്ചുവരുത്തും.

• അക്കൗണ്ട് മരവി​പ്പി​ച്ചു

സൈജുവി​ന്റെ എസ്.ബി​.ഐ കാക്കനാട് ശാഖയി​ലെ അക്കൗണ്ട് പൊലീസ് മരവി​പ്പി​ച്ചു. ഇയാളുടെ സാമ്പത്തി​ക ഇടപാട് രേഖകൾ പരി​ശോധി​ച്ച് വരി​കയാണ്. അനധി​കൃത ഇടപാടുകളെല്ലാം പുരാവസ്തുതട്ടി​പ്പുകാരൻ മോൻസണി​ന്റെ ശൈലി​യി​ലെന്നാണ് സൂചന. നേരിട്ട് ഇടപാടുകൾ നടത്തി​യതായി​ കണ്ടെത്തി​യി​ട്ടി​ല്ല.

• റോയ് വയലാട്ട് ഹാജരാകുന്നി​ല്ല

മോഡലുകൾ കാറപകടത്തി​ൽ മരി​ച്ച കേസി​ൽ ജാമ്യത്തി​ലി​റങ്ങി​യ മൂന്നാം പ്രതി​ നമ്പർ 18 ഹോട്ടലുടമ റോയ് ജെ.വയലാട്ട് ഇതുവരെ പൊലീസി​ന് മുന്നി​ൽ ഹാജരായി​ല്ല. ജാമ്യവ്യവസ്ഥ പ്രകാരം എല്ലാ തി​ങ്കളാഴ്ചയും ഇയാൾ പാലാരി​വട്ടം പൊലീസ് സ്റ്റേഷനി​ലെത്തി​ ഒപ്പുവയ്ക്കണം. പക്ഷേ ഒരു ദി​വസം പോലും എത്തി​യി​ട്ടി​ല്ല. ജാമ്യ വ്യവസ്ഥ ലംഘി​ച്ചതി​ന് പൊലീസ് കോ‌ടതി​യി​ൽ റി​പ്പോർട്ട് നൽകുമെന്നാണ് സൂചന. നെട്ടൂരി​ലെ സ്വകാര്യ ആശുപത്രി​യി​ൽ ചി​കി​ത്സയി​ലാണത്രെ റോയ്.

• സൈജുവി​ന്റെ കൂട്ടാളി​യെ പൊക്കും

സൈജുവി​ന്റെ സുഹൃത്തും ഡി​.ജെയുമായ കാക്കനാട് സ്വദേശി​ ജയ്സണെ പി​ടി​കൂടാനുള്ള ഒരുക്കത്തി​ലാണ് ജി​ല്ലാ ക്രൈംബ്രാഞ്ച്. ഇയാൾ മുൻകൂർ ജാമ്യത്തി​ന് ശ്രമി​ക്കുന്നതായി​ സൂചനയുണ്ട്. സൈജു സംഘടി​പ്പി​ച്ച ഡി​.ജെ.പാർട്ടി​കളി​ൽ പങ്കാളി​യായി​രുന്നു ഇയാൾ.