കൊച്ചി: ലക്ഷദ്വീപിലേക്കുള്ള യാത്രാ മദ്ധ്യേ തീപിടിത്തമുണ്ടായ യാത്രക്കപ്പലായ എം.വി കവരത്തിയെ ഇന്നലെ കോസ്റ്റ് ഗാർഡ് കപ്പൽ ഐ.സി.ജെ.എസ് സമർത്ഥ് കെട്ടിവലിച്ച് ആന്ത്രോത്ത് ദ്വീപിലെത്തിച്ചു. കപ്പലിനെ കൊച്ചിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ലക്ഷദ്വീപ് തുറമുഖ വകുപ്പ്. 624 യാത്രികരും 85 ജീവനക്കാരുമായി കൊച്ചിയിൽ നിന്ന് ചൊവ്വാഴ്ച രാത്രിയിലാണ് എം.വി കവരത്തി ലക്ഷദ്വീപിലേക്ക് തിരിച്ചത്. ബുധനാഴ്ച രാവിലെ കവരത്തിയിലെത്തി പകുതിയോളം പേരെ അവിടെ ഇറക്കിയ ശേഷം ആന്ത്രോത്തിലേക്ക് പോകുന്നതിനിടെ 29 നോട്ടിക്കൽ മൈൽ അകലെ വച്ച് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ എൻജിനിൽ നിന്ന് തീ പടരുകയായിരുന്നു. അപകട വിവരം അറിഞ്ഞ് ലക്ഷദ്വീപ് തീരത്തുണ്ടായിരുന്ന കോസ്റ്റ് ഗാർഡ് കപ്പലാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് എത്തിയത്. കൊച്ചിയിൽ നിന്ന് നാവികസേനാ കപ്പലായ ഐ.എൻ.എസ് ഷാർദുലും സ്ഥലത്തെത്തി. തീപിടിച്ച കപ്പലിലെ യാത്രക്കാരെ ലക്ഷദ്വീപിന്റെ മറ്റൊരു യാത്രക്കപ്പലായ എം.വി കോറൽ ഇന്നലെ സുരക്ഷിതമായി ആന്ത്രോത്തിൽ എത്തിച്ചു.