കളമശേരി: സി.പി.എം ജില്ലാ സമ്മേളന നഗരിക്ക് അഭിമുഖമായി പ്രചാരണ സ്തൂപം സ്ഥാപിച്ചു. ടി.വി.എസ് കവലയിൽ നടനും സംവിധായകനുമായ സോഹൻ സീനുലാൽ ഉദ്ഘാടനം ചെയ്ത് ശില്പി രാജൻ കൂടാത്തിനെ പൊന്നാടയണിയിച്ചു. സമ്മേളനം നടക്കുന്നത് കളമശേരി സെൻട്രൽ ലോക്കൽ കമ്മിറ്റി പ്രദേശത്താണ്. ലോക്കൽ കമ്മിറ്റിയുടെ ചുമതലയിലാണ് 24 അടി ഉയരമുള്ള സ്തൂപം നിർമ്മിച്ചത്. വൈക്കോൽ, പേപ്പർ, ചാക്ക്, പ്ലൈവുഡ് എന്നിവ ഉപയോഗിച്ച് രണ്ടാഴ്ചയിലേറെ എടുത്താണ് സ്തൂപം പൂർത്തിയാക്കിയത്. സ്തൂപത്തിന് മുകളിൽ അരിവാൾ ചുറ്റികയുമായി നൃത്തമാടുന്ന കർഷക രൂപം സ്ഥാപിച്ചിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ പി.ടി. ബിജു അദ്ധ്യക്ഷനായി. പി.വി ഷാജി, ലോക്കൽ സെക്രട്ടറി ബിജു മോഹൻ, കെ.ടി മനോജ് തുടങ്ങിയവർ സംസാരിച്ചു.