
കൊച്ചി: കിടപ്പിലായ ഭിന്നശേഷിക്കാരായ കുട്ടികളെ സ്കൂളിലെത്തിക്കാനുള്ള 'സ്‌പേസ്' പദ്ധതിയുമായി ഞാറയ്ക്കൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ. സമഗ്രശിക്ഷാ കേരളത്തിന്റെ (എസ്.എസ്.കെ) ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. വൈപ്പിൻ ഞാറയ്ക്കൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് പുറമെ കോതമംഗലം പൊയ്ക ഹയർ സെക്കൻഡറി സ്‌കൂൾ, കൂത്താട്ടുകുളം പാലക്കുഴ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലും ഭിന്നശേഷിക്കാരായ കുട്ടികൾക്കായി 'സ്‌പേസ് റിസോഴ്‌സ് റൂം' ഒരുങ്ങും.
പ്രത്യേക സംവിധാനങ്ങൾ
ഐ.സി.യു ബെഡ്, ഇലക്ട്രോണിക് വീൽചെയർ, തെറാപ്പി സൗകര്യം, ഡോക്ടർമാരുടെയും കൗൺസിലർമാരുടെയും സേവനം, ഭിന്നശേഷി സൗഹൃദ ശുചിമുറി എന്നിവ ലഭ്യമാകും. കുട്ടികളെ സ്‌കൂളിൽ എത്തിക്കാനും തിരിച്ച് വീട്ടിലെത്തിക്കാനുമുള്ള പ്രത്യേക ആംബുലൻസ് സംവിധാനം തദ്ദേശസ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ ഒരുക്കും. പാലിയേറ്റീവ് കെയറുകളുടെയും സന്നദ്ധപ്രവർത്തകരുടെയും സഹകരണം ഉറപ്പാക്കും. പദ്ധതി നടത്തിപ്പിനായി സമഗ്രശിക്ഷാ കേരളം ജില്ലയിൽ 15 ലക്ഷം രൂപ അനുവദിച്ചു. അഞ്ചുലക്ഷം രൂപവീതം ഓരോ സ്‌പേസ് റിസോഴ്‌സ് റൂമിനും ലഭിക്കും. മറ്റ് സഹപാഠികളുമായി ഇടപെടാനുള്ള സാഹചര്യവും റിസോഴ്‌സ് റൂമിൽ ഒരുക്കും.
508 കുട്ടികൾക്ക് അനുഗ്രഹമാകും
കിടപ്പിലായ 508 ഭിന്നശേഷിക്കാരാണ് ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ അഡ്മിഷൻ എടുത്തിട്ടുള്ളത്. ഇവരെ റിസോഴ്‌സ് അദ്ധ്യാപകർ ആഴ്ചയിൽ ഒരുദിവസം വീട്ടിലെത്തി പഠിപ്പിക്കുന്നുണ്ട്. സ്കൂളിൽ പോയി പഠിക്കാൻ താത്‌പര്യമുള്ള, കിടപ്പിലായ ഭിന്നശേഷിക്കാരായ നിരവധി കുട്ടികൾക്ക് പദ്ധതി ഗുണം ചെയ്യും. ഞാറയ്ക്കൽ സ്കൂളിലാണ് സ്‌പേസ് റിസോഴ്‌സ് റൂം ആദ്യം ഒരുക്കുക. വൈപ്പിൻ എം.എൽ.എ കെ.എൻ. ഉണ്ണിക്കൃഷ്ണൻ പദ്ധതി നടത്തിപ്പിനുള്ള എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. മറ്റു രണ്ടു സ്കൂളുകളിലും സ്‌പേസ് പദ്ധതി നടപ്പാക്കാനുള്ള പ്രാരംഭചർച്ചകൾ പുരോഗമിക്കുകയാണ്.
വീടിനുള്ളിൽ തന്നെ കഴിയേണ്ടിവരുന്ന ഭിന്നശേഷിക്കാരായ കുട്ടികളെയും അവരുടെ പരിചരണത്തിനായി ജീവിതം ഉഴിഞ്ഞുവച്ചിരിക്കുന്ന രക്ഷിതാക്കളെയും സംബന്ധിച്ചിടത്തോളം ആഴ്ചയിൽ ഒരു ദിവസമെങ്കിലും ബാഹ്യലോകവുമായി ഇടപെടാൻ അവസരം ലഭിക്കുന്നത് വലിയ കാര്യമാണ്. വാഹനം ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും ഇവർക്ക് ആവശ്യമാണ്. ജനപ്രതിനിധികളുടെ അകമഴിഞ്ഞ സഹകരണം ലഭിച്ചാൽ മാത്രമേ ഈ പദ്ധതി മുന്നോട്ടുനീങ്ങുകയുള്ളു.
ഉഷ മാനാട്ട്
സമഗ്രശിക്ഷ കേരള ജില്ല കോ ഓഡിനേറ്റർ