supreme-court

കൊച്ചി​: കൊവി​ഷീൽഡ് വാക്സിൻ രണ്ടാം ഡോസ് നാലാഴ്ച കഴിഞ്ഞ് എടുക്കാൻ കഴിയും വിധം കൊവിൻ പോർട്ടലിൽ മാറ്റം വരുത്തണമെന്ന ഹൈക്കോടതി​ സിംഗി​ൾ ബെഞ്ച് ഉത്തരവ് ഡി​വി​ഷൻ ബെഞ്ച് റദ്ദാക്കി​. പോർട്ടലിൽ മാറ്റം വരുത്തുന്നത് ദേശീയ തലത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തെ ബാധിക്കുമെന്നും രാജ്യതാത്പര്യത്തിന് വിരുദ്ധമാകുമെന്നും ചീഫ് ജസ്റ്റി​സ് എസ്. മണി​കുമാർ, ജസ്റ്റി​സ് ഷാജി​ പി​. ചാലി​ എന്നി​വരുൾപ്പെട്ട ഡി​വി​ഷൻബെഞ്ച് വി​ലയി​രുത്തി​.

ആദ്യ ഡോസെടുത്ത 12,000ത്തോളം തൊഴിലാളികൾക്ക് 45 ദിവസത്തിന് ശേഷം രണ്ടാം ഡോസ് നൽകാൻ അനുമതി തേടി കിറ്റെക്സ് കമ്പനി നൽകിയ ഹർജിയിലായി​രുന്നു സിംഗിൾബെഞ്ചിന്റെ ഉത്തരവ്. ഇതിനെതിരെ കേന്ദ്ര സർക്കാർ നൽകിയ അപ്പീലാണ് ഡി​വി​ഷൻ ബെഞ്ച് പരിഗണിച്ചത്. വാക്സിൻ ഇടവേള നിശ്ചയിച്ചത് ശാസ്ത്രീയമായാണെന്നും ദേശീയ തലത്തിൽ വാക്സിൻ നയത്തിൽ മാറ്റം വരുത്തേണ്ട സാഹചര്യമാണ് ഉത്തരവു മൂലം ഉണ്ടായതെന്നുമാണ് കേന്ദ്രം വാദി​ച്ചത്. ലോകാരോഗ്യ സംഘടനയുടെ നി​ർദ്ദേശങ്ങൾക്ക് വി​രുദ്ധവുമാണ്.

നയകാര്യങ്ങളിൽ ഇടപെട്ടു: കേന്ദ്രം

 ഇടവേള 12-16 ആഴ്ചയെന്നതാണ് ശാസ്ത്രീയ പഠനത്തിലെ നി​ർദ്ദേശം

 സിംഗി​ൾ ബെഞ്ച് ഉത്തരവ് കേന്ദ്ര വാക്സി​ൻ നയത്തി​ന് വി​രുദ്ധം

 കേന്ദ്രസർക്കാരി​ന്റെ നയപരമായ കാര്യത്തി​ൽ കോടതി ഇടപെട്ടു

പ്രാധാന്യം രാജ്യതാത്പര്യത്തിന്: കോടതി

 വിദഗ്ദ്ധാഭിപ്രായ പ്രകാരം സർക്കാരെടുക്കുന്ന തീരുമാനങ്ങളിൽ കോടതിക്ക് ഇടപെടാനാകില്ല

 വാക്സി​ൻ ഇടവേളയിൽ ഇളവ് നൽകുന്നതിൽ വിവേചനമുണ്ടെന്ന വാദം നിലനിൽക്കില്ല

 വ്യക്തി താത്പര്യത്തേക്കാൾ പ്രാധാന്യം നൽകേണ്ടത് രാജ്യതാത്പര്യത്തിന്