കൊച്ചി: തലമുറകളെ വെളിച്ചത്തിലേക്ക് നയിക്കുന്ന വ്യക്തിയാണ് യഥാർത്ഥ അദ്ധ്യാപകനെന്നും ആ അർത്ഥത്തിൽ പ്രൊഫ. എം.കെ. സാനു യഥാർത്ഥ ഗുരുനാഥനാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൊച്ചിയിൽ ചാവറ കൾച്ചറൽ സെന്ററിന്റെ ചാവറ സംസ്‌കൃതി പുരസ്‌കാരം പ്രൊഫ. എം.കെ. സാനുവിന് സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതം മുഴുവൻ അദ്ധ്യാപനത്തിനും സമൂഹത്തിന്റെ വിവിധ മേഖലകളിൽ ധാർമ്മികവും വിദ്യാഭ്യാസപരവുമായ ഉന്നതിക്കും ദശാബ്ദങ്ങളായി പ്രവർത്തിക്കുകയും ശ്രീനാരായണ ഗുരുവിന്റെയും സ്വാമി വിവേകാനന്ദന്റെയും ചാവറ ഏലിയാസ് പിതാവിന്റെയും ദർശനങ്ങൾ സ്വാംശീകരിച്ച്, അവർ മുന്നിൽകണ്ട പാതയിലൂടെ അവർക്കു ശേഷം സമൂഹത്തെ നയിക്കുന്ന വ്യക്തിയാണ് സാനു മാഷെന്നും ഗവർണർ പറഞ്ഞു.
ചാവറ ഏലിയാസ് കുര്യാക്കോസ് പിതാവ് കേരളത്തിന്റെ അദ്ധ്യാത്മിക, സാംസ്കാരിക ശ്രേഷ്ഠന്മാരിൽ പ്രമുഖനാണെന്നും അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്‌കാരം സ്വീകരിക്കാൻ ഏറെ സന്തോഷമുണ്ടെന്നും പ്രൊഫ. എം.കെ. സാനു പറഞ്ഞു. ഫാ. ഡോ. തോമസ് ചാത്തംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കൊച്ചി മേയർ അഡ്വ. എം. അനിൽ കുമാർ, ജോൺ പോൾ, ടി.ജെ. വിനോദ് എം.എൽ.എ, ചാവറ കൾച്ചറൽ സെന്റർ ചെയർമാൻ ഫാ. ഡോ. മാർട്ടിൻ മള്ളാത്ത്, ഫാ. തോമസ് പുതുശ്ശേരി എന്നിവർ സംസാരിച്ചു.