star

കൊച്ചി: വിപണിയിൽ പ്രതീക്ഷയുടെ താരങ്ങൾ ഉദിച്ചുയർന്നു. കച്ചവടത്തിന്റെ തിരക്കിലമർന്ന് വ്യാപരികൾ. മുൻകാലങ്ങളിലേതുപോലെ വൻ തിരക്കുകളിലേക്ക് എത്തിയിട്ടില്ലെങ്കിലും മോശമല്ലാതെ വ്യാപാരം നടക്കുന്നുണ്ടെന്നതാണ് വിപണിയിൽ നിന്നുള്ള ക്രിസ്മസ് വിശേഷം. മാറ്റി നിറുത്തപ്പെടാനാകാത്ത നക്ഷത്രങ്ങൾ തന്നെയാണ് വില്പനയിൽ ഒന്നാം സ്ഥാനത്ത്. ചെറുതും വലുതുമായ വിവിധ തരം നക്ഷത്രങ്ങളോടൊപ്പം ചൈനയിൽ നിന്നടക്കം നിരവധി ഇല്‌ട്രോണിക്‌സ് ഉപകരണങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. കൊവിഡ് പ്രതിസന്ധിയിൽ നിന്ന് തരിച്ചുവരവിന്റെ പാതയിലാണ് വിപണി. ഒമിക്രോൺ ആശങ്ക ഉണ്ടെങ്കിലും വരും ദിവസങ്ങളിൽ വിപണി കൂടുതൽ സജീവമാകുമെന്ന പ്രതീക്ഷയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ക്രിസ്മസ് വിപണന കേന്ദ്രമായ എറണാകുളം ബ്രോഡ്‌വേയിലെ വ്യാപാരികൾ.

നിയോണാണ് താരം

പേപ്പർ നക്ഷത്രങ്ങളെ പിന്നിലാക്കി എൽ.ഇ.ഡി, പ്ലാസ്റ്റിക്, ഫൈബർ നക്ഷത്രങ്ങൾ വിപണിയിൽ കൂടുതലായി എത്തിയിട്ടുണ്ടെങ്കിലും പുത്തൻ താരോദയം നിയോൺ നക്ഷത്രങ്ങളാണ്. 140 മുതൽ 3000 രൂപ വരെയുണ്ട് ഇത്തരം നക്ഷത്രങ്ങൾക്ക്. പല രൂപത്തിലും ഇവ ലഭിക്കും. വിലകുറഞ്ഞ നിയോൺ നക്ഷത്രങ്ങൾ ചൂടപ്പംപോലെ വിറ്റുപോകുന്നു. വിപണിയിൽ ആരൊക്കെ വന്നാലും പേപ്പർ നക്ഷത്രങ്ങൾക്കുള്ള ഡിമാൻഡ് ഇപ്പോഴമുണ്ടെന്ന് വ്യാപാരികൾ പറയുന്നു. അഞ്ച് മുതൽ 24 കാലുവരെയുള്ള നക്ഷത്രങ്ങൾ ഇത്തവണ വിപണിയിലുണ്ട്. വലിപ്പവും വ്യത്യസ്തതയും അടിസ്ഥാനമാക്കി 80 മുതൽ 550 വരെയാണു സാധാരണ നക്ഷത്രങ്ങളുടെ വില.

അടിപൊളിയായി ട്രീ വില്പന

നക്ഷത്രം കഴിഞ്ഞാൽ പിന്നാലെ വിപണിയിലെ താരം ക്രിസ്മസ് ട്രീയാണ്. 300 മുതൽ 13,000 രൂപ വില. റെഡിമെയ്ഡിനെ ആശ്രയിക്കുന്നവരാണ് അധികവും. ഇക്കുറി ട്രീക്ക് ആവശ്യക്കാർ ഏറെയുണ്ട്. പല വലിപ്പത്തിലും രൂപത്തിലുമുള്ള ക്രിസ്മസ് ട്രീകൾ വിപണി കീഴടക്കി കഴിഞ്ഞു. സീരിയൽ ബൾബുകളുടെ വിൽപനയും ഇതിനോട് ചേർന്ന് നിൽക്കുന്നു. 100 രൂപ മുതൽ ആരംഭിക്കുന്നു സീരിയൽ ബൾബിന്റെ വില. പല നിറങ്ങളോട് കൂടിയവയുണ്ടെങ്കിലും ഒറ്റ നിറത്തിലുള്ളവയ്ക്കാണ് ആവശ്യക്കാരേറെയുള്ളത്. റെഡിമെയ്ഡ് പുൽക്കൂടും റെഡിയാണ്. ഇത് തയ്യാറാക്കിയും വിവിധ ഭാഗങ്ങളായും വില്പനക്കുണ്ട്. വളരെ വേഗത്തിൽ ഒരുമിച്ച് ചേർത്ത് പുൽക്കൂട് നിർമ്മിക്കാം. 200 മുതലാണ് വില. എറണാകുളം ജില്ലയിലെ തന്നെ വിവിധ ഭാഗങ്ങളിൽ തയ്യാറാക്കുന്ന പുൽക്കൂടുകളാണ് കേരളത്തിലുടനീളം വിൽപനയിൽ മുന്നിൽ.

സാന്തയും സംഘവുമുണ്ട്
ഇക്കുറിയും സാന്തയ്ക്കും സംഘത്തിനും കരോൾ ഗാനവുമായി ഇറങ്ങാൻ ആവശ്യമായ സാധനങ്ങളെല്ലാം വിപണിയിൽ റെഡിയാണ്. സാന്താക്ലോസിന്റെ വസ്ത്രങ്ങളും വടിയും ബലൂണും മുതൽ വിവിധ തരത്തിലുള്ള വാദ്യോപകരണങ്ങൾ വരെ തയ്യാറാണ് ഇവിടെ. 200 രൂപ മുതലുള്ള വസ്ത്രങ്ങളാണ് എത്തിച്ചിട്ടുള്ളത്. വലിപ്പവും തുണിത്തരങ്ങളുടെ വ്യത്യാസം അനുസരിച്ച് വിലയിൽ മാറ്റമുണ്ട്. കുട്ടികളെ ഏറെ ആകർഷിക്കുന്നതാണ് സാന്തായുടെ ചെറിയ രൂപങ്ങൾ. ട്രീയുടെയും മറ്റ് അലങ്കാരങ്ങളുടേയുമൊപ്പമാണ് ഇത്തിരിക്കുഞ്ഞൻ സാന്തായുടെയും സ്ഥാനം.

രണ്ട് തവണ ക്രിസ്മസ് ആഘോഷിക്കാൻ കഴിയാത്തതിന്റെ സങ്കടം മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ഓരോരുത്തരും എത്തുന്നത്. ആയിരങ്ങളുടെ സാധനങ്ങളുമായാണ് ഓരോരുത്തരും മടങ്ങുന്നത്. വിപണയിൽ ഉണർവ് പ്രതീക്ഷിക്കുന്നു

സൈമൺ

കൃപ് കളക്ഷൻ

എറണാകുളം ബ്രോഡ്‌വേ