water-notice-parvathi-mat
പാർവ്വതിക്ക് ലഭിച്ച നോട്ടീസ്

പറവൂർ: മൂന്ന് വർഷം മുമ്പ് കുടിവെള്ള കണക്ഷന് അപേക്ഷ നൽകിയ നിർദ്ധനകുടുംബത്തിന് കുടിശിക അടയ്ക്കാൻ വാട്ടർ അതോറിറ്റി റവന്യൂ ഓഫീസറുടെ നോട്ടീസ്. 4588 രൂപ അടച്ചില്ലെങ്കിൽ ജപ്തി നടപടികളുണ്ടാകുമെന്നാണ് അറിയിപ്പ്. നന്ത്യാട്ടുകുന്നം കരിഞ്ഞാലിപ്പറമ്പ് പരേതനായ കുഞ്ഞപ്പന്റെ ഭാര്യ പാർവതിക്കാണ് കഴിഞ്ഞ 25ന് എറണാകുളത്തെ വാട്ടർ അതോറിട്ടി എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ നിന്നും നോട്ടീസ് ലഭിച്ചത്. അഞ്ച് സെന്റിന് താഴെയുള്ള സ്ഥലത്ത് ചെറിയവീടാണ് പാർവ്വതിയുടേത്. മൂന്നു വർഷം മുമ്പ് സന്നദ്ധ സംഘടനയുടെ സഹായത്താലാണ് കുടിവെള്ള കണക്ഷന് അപേക്ഷ നൽകിയത്. ഭൂമിയുമായി ബന്ധപ്പെട്ട രേഖകളുടെ ചില പ്രശ്നങ്ങളാൽ ഇതുവരെ കണക്ഷൻ കിട്ടിയട്ടില്ല. പറവൂരിലെ വാട്ടർ അതോറിറ്റി ഓഫീസിൽ നിന്നും ഇതിന് മുമ്പ് ബില്ലുകളൊന്നും ലഭിച്ചിട്ടില്ല. നോട്ടീസിലുള്ള ഫോൺ നമ്പറിൽ വിളിച്ചപ്പോൾ ബില്ല് തുക ഒഴിവാക്കി കിട്ടുന്നതിന് പറവൂരിലെ ഓഫീസുമായി ബന്ധപ്പെടാനാണ് മറുപടി ലഭിച്ചത്. കാഴ്ചശക്തി കുറവുള്ള പാർവ്വതി കൂലിപ്പണിക്കാരായ മകനോടൊപ്പമാണ് താമസിക്കുന്നത്.