നെടുമ്പാശ്ശേരി: മേഖലാ ഫാർമേഴ്‌സ് ക്ലബ്ബ് ജൈവകർഷകർക്കും കാർഷിക പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്ന സംരംഭകർക്കും ആവശ്യമായ എല്ലാവിധ ഉത്പ്പാദന ഉപാധികളും സബ്‌സിഡി നിരക്കിൽ നൽകുന്നതിനായി ജൈവകലവറ തുടങ്ങുന്നു. പുത്തൻത്തോട് മർച്ചന്റ്‌സ് ടവറിൽ ജനുവരി ഒന്നിന് ഇത് പ്രവർത്തനം ആരംഭിക്കും. ഉന്നത നിലവാരമുള്ള ജൈവ വിത്തുകൾ, ജൈവ വളങ്ങൾ, കാർഷിക ഉപകരണങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും ഇവിടെ ലഭിക്കുക.
കർഷകർക്ക് ഉത്പന്നങ്ങൾ ഗുണഭോക്താക്കൾക്ക് നേരിട്ട് വിൽക്കുന്നതിനുള്ള സൗകര്യവും സജ്ജമാക്കും. കീടരോഗ പ്രതിവിധികൾ, വളപ്രയോഗങ്ങൾ, കൃഷി പരിപാലനം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ കർഷകർക്ക് സൗജന്യമായി ലഭ്യമാക്കുന്നതിനായി ജനസേവന കേന്ദ്രവും പ്രവർത്തിക്കും. ഇതിനായി കൃഷി വകുപ്പിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.
ഫാർമേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷക കൂട്ടായ്മ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.വി. രാജഗോപാൽ അദ്ധ്യക്ഷനായിരുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമ്പാശ്ശേരി മേഖലാ പ്രസിഡന്റ് സി.പി. തരിയൻ പങ്കെടുത്തു.