കോലഞ്ചേരി: ഐക്കാരനാട് പഞ്ചായത്ത് ഭരണസമിതിയിൽ അഴിമതിയും ജനവഞ്ചനയും കെടുകാര്യസ്ഥതയും ആണെന്നാരോപിച്ച് സി.പി.എം ഐക്കരനാട് ലോക്കൽകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. സി.പി.എം ജില്ലാകമ്മിറ്റി അംഗം അഡ്വ. കെ.എസ്. അരുൺകുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം പി.എം. യക്കോബ് അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി സി.കെ. വർഗീസ്, കെ.കെ. ഏലിയാസ്, ലോക്കൽ സെക്രട്ടറി എം.കെ. മനോജ്, മോൻസി വർഗീസ് തുടങ്ങിയവർ സംസാരിച്ചു. പഴന്തോട്ടം, പെരുവുംമുഴി കുടിവെള്ള പദ്ധതികളുടെ പ്രവർത്തനം ആരംഭിക്കുക, വഴിവിളക്കുകൾ കത്തിക്കുക, പഞ്ചായത്ത് സഹായങ്ങൾ ഭരണക്കാർക്ക് മാത്രമായി വിതരണം ചെയ്യുന്ന രീതി അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് സമരം സംഘടിപ്പിച്ചത്.