
കൊച്ചി : നിങ്ങൾക്ക് അറിയാവുന്ന ഇടങ്ങളിലോ സ്ഥലങ്ങളിലോ ബാലവേല നടക്കുന്നുണ്ടോ? എങ്കിൽ ഉടൻ വിളിച്ചു പറഞ്ഞാൽ പാരിതോഷികം നേടാം. സംസ്ഥാനത്ത് ബാലവേല നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഇനി പൊതുജനത്തിനു വിളിച്ചറിയിക്കാം. സത്യമെന്നു ബോദ്ധ്യപ്പെട്ടാൽ വിവരദാതാവിനു പാരിതോഷികം നൽകാൻ വനിതശിശു വികസന വകുപ്പിന്റെ ഉത്തരവായി.
യക്തമായ വിവരങ്ങൾ നൽകുകയും അവ സത്യമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ വിവരം നൽകുന്ന വ്യക്തിക്ക് 2500 രൂപ വീതമാണ് പാരിതോഷികം നല്കുക. ജില്ലാ ശിശു സംരക്ഷണ ഓഫീസർ അല്ലെങ്കിൽ ജില്ലാ ശിശു സംരക്ഷണ ഓഫീസർ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരെയായിരിക്കണം വിവരം അറിയിക്കേണ്ടത്.
വിവരത്തിൽ കുട്ടി ജോലി ചെയ്യുന്ന സ്ഥാപനം, മേൽവിലാസം, ഫോട്ടോ, ഉടമസ്ഥന്റെ പേരു വിവരങ്ങൾ, കുട്ടികളുടെ ഫോട്ടോയോ തിരിച്ചറിയാൻ കഴിയുന്ന മറ്റ് വിവരങ്ങളോ ഉണ്ടായിരിക്കണം. തൊഴിൽ, പൊലീസ് മറ്റു ബന്ധപ്പെട്ട വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെയാണ് നടപടികൾ സ്വീകരിക്കുന്നത്. 2500 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് നല്കും. ഒരേ വിവരം ഒന്നിലധികം വ്യക്തികളിൽ നിന്ന് ലഭിച്ചാൽ ആദ്യം വിവരം നല്കിയ വ്യക്തിയാവും പാരിതോഷികത്തിന് അർഹത നേടുക. വിവരം സ്വീകരിക്കുന്നതിന് എല്ലാ ജില്ലകളിലും പ്രത്യേക ഇമെയിൽ ഐ.ഡി. ഉണ്ടായിരിക്കും. നൂതന പദ്ധതിയായതിനാൽ വിവരമറിയിക്കുന്നതിനുള്ള ഇമെയിൽ ഐ.ഡി., ഫോൺ നമ്പർ തുടങ്ങിയവ പ്രദർശിപ്പിക്കുന്നതിനും പ്രചാരണം നല്കുന്നതിനും ജില്ലാ ശിശു സംരക്ഷണ ഓഫീസർമാർ മുൻകൈ എടുക്കും.
14 വയസു കഴിഞ്ഞതും 18 വയസ് പൂർത്തിയാത്തതുമായ കുട്ടികളെ അപകടകരമായ ജോലികളിൽ ഏർപ്പെടുത്താൻ പാടില്ലന്ന നിയമം ശക്തമാക്കാനാണിത്. കുടുംബത്തിലെ ബുദ്ധിമുട്ടുകൾ, ദാരിദ്ര്യം തുടങ്ങി പല കാരണങ്ങൾക്കൊണ്ടും ജോലി ചെയ്യേണ്ടിവരുമ്പോൾ അവരുടെ മാനസികവും ശാരീരികവുമായ വളർച്ചയെ ദോഷം ചെയ്യുന്നു. ബാലവേല നിരോധിച്ചിട്ടുള്ളതും ക്രിമിനൽ കുറ്റമാക്കുകയും ചെയ്തിട്ടുള്ളതിനാൽ കേരളത്തിൽ ഇത്തരം സംഭവം കുറവാണ്. എന്നാൽ ഇതര സംസ്ഥാന തൊഴിലാളികളോടൊപ്പവും ഇടനിലക്കാർ വഴിയും കുട്ടികളെ കേരളത്തിലെത്തിച്ച് ജോലി ചെയ്യുന്നതായി കണ്ടുവരുന്നുണ്ട്. ഇത് തടയുന്നതിനാണ് വകുപ്പ് പൊതുജന പങ്കാളിത്തം ഉറപ്പാക്കാനൊരുങ്ങുന്നത്.