ആലുവ: സാഹോദര്യം മറന്നുള്ള മതസ്നേഹം പാടില്ലെന്നും സഹജീവികളെ ജീവിക്കാൻ സഹായിക്കുന്നതാണ് യഥാർത്ഥ മതമെന്നും അങ്ങനെയുള്ള തലമുറയെയാണ് ആവശ്യമെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു. ആചാര്യശ്രീ സച്ചിദാനന്ദ ഭാരതി നയിക്കുന്ന കേരള ധർമ രാജ്യവേദി (ഡി.ആർ.വി) സർവ ധർമ ശാന്തി സംഗമം (എസ്.ഡി.എസ്.എസ് 2021) ആലുവ വൈ.എം.സി.എയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.സി.ബി.ഐ വൈസ് പ്രസിഡന്റ് ബിഷപ്പ് ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് അദ്ധ്യക്ഷനായി. മലങ്കര ഓർത്തഡോക്‌സ് സഭ എക്യുമെനിക്കൽ കമ്മീഷൻ പ്രസിഡന്റ് കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണവും ഡി.ആർ.വി സ്ഥാപകനും ദേശീയ കൺവീനറുമായ ആചാര്യ സച്ചിദാനന്ദ ഭാരതി ആമുഖ പ്രഭാഷണവും നടത്തി. സ്വാമി ബോധേന്ദ്ര തീർത്ഥ, ഡോ. കാസിമുൽ കാസിമി, എം.പി. ജോസഫ്, സുവർണകുമാർ, ഇയ്യാശേരി കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു.
ഇന്ന് സമാപന സമ്മേളനത്തിൽ കോഴിക്കോട് പാളയം ഇമാം ഡോ. ഹുസൈൻ മടവൂർ മുഖ്യാതിഥിയാകും. റവ.ഡോ. സെബാസ്റ്റ്യൻ പൈനാടത്ത്, ഫാ. ജോൺ പുതുവ എന്നിവർ പങ്കെടുക്കുമെന്നു ചീഫ് കോ ഓർഡിനേറ്റർ ഡോ. ജോർജ് സാമുവേൽ, പ്രൊജക്ട് ഡയറക്ടർ അനിൽ ജോസഫ് ക്രിസ്താനന്ദ് എന്നിവർ അറിയിച്ചു.