പെരുമ്പാവൂർ: കഴിഞ്ഞ വർഷം 30 ലക്ഷം രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തിയ ഓണംകുളം - ഊട്ടിമറ്റം റോഡ് തകർന്നു. പെരുമ്പാവൂരിൽ നിന്ന് കിഴക്കമ്പലം, കാക്കനാട്, പഴങ്ങനാട് ഭാഗത്തേക്ക് പോകുന്ന പ്രധാന റോഡാണിത്. പലയിടത്തും വലിയ കുഴികൾ രൂപപ്പെട്ടു. ലൈൻ ബസുകളും വ്യവസായ മേഖലകളിലേക്കുള്ള ഭാര വാഹനങ്ങളും സഞ്ചരിക്കുന്നുണ്ട്. കാനകൾ കുറവായതിനാൽ വെള്ളക്കെട്ടും രൂക്ഷമാണ്. ഇതോടെ കോടികൾ ചെലവഴിച്ചു നന്നാക്കിയ റോഡുകൾ പലതും മാസങ്ങൾക്കകം സഞ്ചാരയോഗ്യമല്ലാതാകുന്നതിനെ കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യവും ശക്തമായി.

പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ 30 റോഡുകൾ 2016-17 സാമ്പത്തിക വർഷം കോടികൾ ചെലവിട്ട് അറ്റകുറ്റപ്പണി നടത്തിയതാണ്. മിക്ക റോഡുകളും തകർന്നു. മണ്ഡലത്തിലെ റോഡുകളുടെ നവീകരണത്തിനായി വീണ്ടും 11.76 കോടി രൂപ അനുവദിച്ചിരിക്കുകയാണിപ്പോൾ. ഒന്നും രണ്ടും വർഷം മുൻപു നവീകരിച്ച റോഡുകളും ഇതിൽ ഉൾപ്പെടുന്നു. അറ്റകുറ്റപ്പണി നടത്തുന്നതിന്റെ ഗുണമേന്മ പരിശോധിച്ച് ഉറപ്പു വരുത്തണമെന്നാണ് ആവശ്യം. അറ്റകുറ്റപ്പണികളിൽ നടക്കുന്ന ക്രമക്കേടുകളാണു റോഡ് തകർച്ചയുടെ പ്രധാന കാരണമെന്നും ആക്ഷേപമുണ്ട്.