ആലങ്ങാട്: സംസ്ഥാന - കേന്ദ്ര സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന സ്റ്റാർട്ടപ്പ് വില്ലേജ് സംരംഭക പദ്ധതിയനുസരിച്ച് ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ 1500 ഓളം സംരംഭങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി പി.രാജീവ്. ബ്ലോക്കിലെ നാല് പഞ്ചായത്തുകളിലായി അഞ്ചു കോടി രൂപയോളം സംരംഭക വികസനത്തിനായി ചിലവഴിക്കും.
ഗ്രാമീണ മേഖലയിൽ സംരംഭക - നൈപുണ്യ പരിശീലനം നൽകി സംരംഭങ്ങൾ സൃഷ്ടിക്കുന്ന എസ്.വി.ഇ.പി പദ്ധതിപ്രകാരം വക്തിഗത, ഗ്രൂപ്പ് സംരംഭങ്ങളാണ് ആരംഭിക്കുക. നാലു വർഷം കൊണ്ട് 1500 സംരംഭങ്ങൾ സാദ്ധ്യമാക്കുകയാണ് ലക്ഷ്യം.
കൃഷിയും മൃഗസംരംക്ഷണവും ഒഴികെയുള്ള സംരംഭങ്ങൾ മാത്രമേ പദ്ധതിയുടെ പരിധിയിൽ വരൂ. അതിനാൽ കാർഷിക പ്രാധാന്യമുള്ള ബ്ലോക്കിൽ മൂല്യവർദ്ധിത ഉത്പന്നങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ള സംരംഭങ്ങൾക്ക് പ്രാധാന്യം നൽകും. സംരംഭ വികസനത്തിൽ പ്രത്യേക പരിശീലനം നേടിയ മൈക്രോ എന്റർപ്രൈസസ് കൺസൾട്ടന്റുമാരെ പദ്ധതി നടപ്പാക്കാൻ നിയോഗിക്കും. ഇവരെ ഈ മാസം തന്നെ തിരഞ്ഞെടുക്കും. സംരംഭകർക്കാവശ്യമായ പരിശീലനവും ബിസിനസ് പ്ലാൻ തയാറാക്കുന്നതിനുള്ള സഹായവും ബ്ലോക്ക് റിസോഴ്‌സ് സെന്റർ വഴി നൽകും. ബ്ലോക്ക് അതിർത്തിയിൽ പുതിയ തൊഴിലവസരങ്ങളും വരുമാനവും ഉറപ്പാക്കാൻ പദ്ധതി സഹായകരമാകുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.