ആലങ്ങാട്: വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ തെറ്റായ മറുപടി നൽകിയതിന് ആലങ്ങാട് പഞ്ചായത്ത് സെക്രട്ടറിക്ക് എൽ.എസ്.ജി.ഡി ഓംബുഡ്‌സ്മാന്റെ താക്കീത്. കോട്ടപ്പുറം സ്വദേശി ഡാനിയൽ ജോസഫിന്റെ പരാതിയിലാണ് നടപടി. കോട്ടപ്പുറത്തെ പൊതുജലാശയത്തിലേക്ക് സമീപവാസി റോഡ് കുത്തിപ്പൊളിച്ച് പൈപ്പ് സ്ഥാപിച്ച് മലിനജലം ഒഴുക്കുന്നതിനെതിരെ ഡാനിയൽ തോമസ് ആലങ്ങാട് പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. പഞ്ചായത്തിൽ നിന്നു സ്ഥലപരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇത്തരമൊരു കാര്യം ശ്രദ്ധയിൽപ്പെട്ടില്ലെന്ന മറുപടിയാണ് വിരവാരകാശ ഓഫീസറായ സെക്രട്ടറി ഇദ്ദേഹത്തിനു നൽകിയത്. എന്നാൽ പഞ്ചായത്തിന്റെ നിർദ്ദേശപ്രകാരം പരിശോധന നടത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർ മലിനജലമൊഴുക്കുന്നത് കണ്ടെത്തുകയും ഇതുപ്രകാരം ഈ വീട്ടുകാർക്ക് നോട്ടീസ് നൽകുകയും ചെയ്തു. തുടർന്ന് വിവരാവകാശ അപേക്ഷയ്ക്ക് തെറ്റായ മറുപടി നൽകിയ സെക്രട്ടറിക്കെതിരെ ഓംബുഡ്‌സ്മാന് പരാതി നൽകുകയായിരുന്നു. ആരോഗ്യ വകുപ്പിൽ നിന്നു റിപ്പോർട്ട് ലഭിക്കുംമുൻപ് മറുപടി നൽകിയതാണ് പിശകിനുകാരണമെന്ന് പഞ്ചായത്ത് ഉദ്യോഗസ്ഥർ വിശദീകരിച്ചു. വാദങ്ങൾ പരിഗണിച്ച ഓംബുഡ്‌സ്മാൻ മേലിൽ ഇത്തരം നടപടികൾ ആവർത്തിരുതെന്നു താക്കീത് ചെയ്യുകയും അപേക്ഷന് ആവശ്യപ്പെട്ട രേഖകൾ ഏഴു ദിവസത്തിനകം നൽകാൻ ഉത്തരവിടുകയും ചെയ്തു.