തൊടുപുഴ: സ്ത്രീധന പീഡനത്തിനിരയാകുന്ന സ്ത്രീകൾക്ക് പൊലീസ് സ്റ്റേഷനിൽ നിന്നും വനിത കമ്മിഷനിൽ നിന്നും നീതി ലഭിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ആരംഭിച്ച സ്ത്രീധനവിരുദ്ധ കാമ്പയിനായ 'മകൾക്കൊപ്പം' പരിപാടിയുടെ മൂന്നാം ഘട്ടത്തിന് തൊടുപുഴ അൽ അസ്ഹർ കോളേജിൽ തുടക്കം കുറിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ മോഫിയ പർവീനിന്റെ കലാലയമാണ് അൽ അസ്ഹർ കോളജ്.
കുട്ടികൾ മുതൽ മുത്തശ്ശിമാർ വരെ അപമാനിക്കപ്പെടുന്ന നാടായി കേരളം മാറി. സ്ത്രീകൾ ഏറ്റവും കൂടുതൽ അപമാനിക്കപ്പെടുന്നത് സൈബർ ഇടങ്ങളിലാണ്. ഒരു സ്ഥലത്തും അടിമയെപ്പോലെ ജീവിക്കില്ലെന്നും തുല്യത വേണമെന്നും പെൺകുട്ടികൾ തീരുമാനിക്കുകയും ആൺകുട്ടികൾ അവരോടൊപ്പം നിൽക്കുകയും വേണം.
ഇനിയൊരു മോഫിയ ഉണ്ടാകരുതെന്നും ഒരു അമ്മയുടെയും കണ്ണുനീർ കേരളത്തിൽ വീഴാൻ പാടില്ലെന്നും സതീശൻ പറഞ്ഞു.
പി.ജെ. ജോസഫ് എം.എൽ.എ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. അൽ അസ്ഹർ ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് രക്ഷാധികാരി കെ.എം. പരീത്, ബി.എഡ് കോളജ് പ്രിൻസിപ്പൽ ഡോ. ജെബിമോൾ സി. മൈതീൻ, വിദ്യാർത്ഥി പ്രതിനിധി സ്റ്റെഫി മരിയ എന്നിവർ പ്രസംഗിച്ചു. സെന്നാ സാബു സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ മോഫിയയുടെ പിതാവ് ദിൽഷാദും പങ്കെടുത്തു.