പെരുമ്പാവൂർ : 5.5 കോടി രൂപയുടെ വികസനപദ്ധതികളുമായി ഹൈടെക്കായി മാറുന്ന പെരുമ്പാവൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർഥികളുടെ യൂണിഫോമിലും കാലോചിതമായ മാറ്റം. കാലങ്ങളായുണ്ടായിരുന്ന പച്ചയും വെള്ളയും നിറമുള്ള ചുരിദാറിനുപകരം കടുംനീല നിറത്തിലുളള പാന്റ്‌സും ഓവർകോട്ടും റോസ് നിറത്തിലുള്ള ഷർട്ടുമാണ് പുതിയ യൂണിഫോം. നഗരസഭ മുൻ ഭരണസമിതിയുടെ കാലത്ത് യൂണിഫോം മാറ്റം അംഗീകരിച്ചെങ്കിലും കൊവിഡ് വ്യാപനത്തെത്തുടർന്ന് സ്‌കൂൾ അടച്ചതിനാൽ കുട്ടികൾക്ക് യൂണിഫോം ലഭിച്ചിരുന്നില്ല.

ഇക്കൊല്ലം മുതലാണ് പുതിയ യൂണിഫോം യാഥാർത്ഥ്യമായത്. അഞ്ചുമുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലായി 1250 കുട്ടികളാണ് സ്‌കൂളിൽ പഠിക്കുന്നത്. ഹയർ സെക്കൻഡറി, ഹൈസ്‌കൂൾ വിഭാഗങ്ങൾക്കായി രണ്ട് പുതിയ ഇരുനില കെട്ടിടങ്ങൾ സ്‌കൂൾ വികസനപദ്ധതിയുടെ ഭാഗമായി നിർമിച്ചു.ശൗചാലയങ്ങളും സജ്ജമായി. ഫർണിച്ചറുകളാണ് ഇനി ലഭിക്കാനുള്ളത്. 5.5 കോടി രൂപയിൽ 50 ലക്ഷം രൂപ എൽദോസ് കുന്നപ്പിള്ളിയുടെ ആസ്തിവികസന ഫണ്ടാണ്.

പഠനനിലവാരവും കലാകായിക രംഗത്തെ നേട്ടങ്ങളുമായി ജില്ലയിൽ തന്നെ മികച്ച സ്‌കൂളുകളിലൊന്നാണ് പെരുമ്പാവൂർ ഗേൾസ് സ്‌കൂൾ. ഹെഡ്മിസ്ട്രസ് ജി. ഉഷാകുമാരി, പ്രിൻസിപ്പൽ എസ്. സുകു, പി.ടി.എ. പ്രസിഡന്റ് നസീർ എന്നിവരുടെ നേതൃത്വത്തിലാണ് സ്‌കൂളിന്റെ പ്രവർത്തനങ്ങൾ.