വൈപ്പിൻ: ഞാറക്കൽ ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ഒരുമാസമായി അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷവും ഭരണപക്ഷവും സമരം നടത്തി. രണ്ട് ദിവസം മുൻപ് പഞ്ചായത്തിലെ പ്രതിപക്ഷാംഗങ്ങൾ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിലും സമരം ഉണ്ടായി. പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ഫ്രാൻസിസ്, വൈസ് പ്രസിഡന്റ് മിനി രാജു എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ ഭരണ സമിതി അംഗങ്ങൾ മാലിപ്പുറം വാട്ടർ അതോറിറ്റി ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തി.
പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സമരത്തെ തുടർന്ന് സൂപ്രണ്ടിംഗ് എൻജിനീയർ ജോച്ചൻ ജോസഫ് എത്തി സമരക്കാരുമായി ചർച്ച നടത്തി. ചൊവ്വര പദ്ധതിയിൽ നിന്നുള്ള ജലവിതരണം നിലയ്ക്കുമ്പോൾ ഞാറക്കലിലെ വാൽവ് പൂട്ടി ഹഡ്‌കോ പദ്ധതിയിൽ നിന്നു എത്തുന്ന വെള്ളം ഞാറക്കലിൽ വിതരണം ചെയ്യുന്നതിനും നായരമ്പലത്തെ ബൂസ്റ്ററിന് ശക്തി വർദ്ധിപ്പിക്കാനും അധികൃതർ തീരുമാനിച്ചു.