1

ഫോർട്ട്കൊച്ചി: ഗോശ്രീ പുരേശന് മേളക്കാഴ്ചയൊരുക്കി സമുദായ യുവാക്കൾ. കൊച്ചി തിരുമലക്ഷേത്രത്തിലെ രഥോത്സവത്തിൽ കാഴ്ചശീ വേലിക്കാണ് ജി.എസ്.ബി സമുദായത്തിലെ 50 ഓളം യുവാക്കൾ അരങ്ങേറ്റവുമായി ചെണ്ടമേളമൊരുക്കിയത്. തിരുനായത്തോട് സെബിൻ ആശാന്റെ നേതൃത്വത്തിൽ നടന്ന ചെണ്ടമേളത്തിൽ നൂറോളം വാദ്യകലാകരന്മാർ അണിനിരന്നു. കൊച്ചി ടി.ഡി. ഹൈസ്ക്കൂൾ ഹാളിൽ ഗോശ്രീ വാദ്യകലാലയത്തിന് കീഴിലായി മൂന്ന് വർഷമായി ഇവർ ചെണ്ടവാദ്യ പഠനംനടത്തുകയാണ്. മൂന്ന് മണിക്കൂർ നീണ്ടുനിന്ന ചെണ്ടമേളത്തിന് മുന്നോടിയായി ആദരിക്കൽ ചടങ്ങ് നടന്നു. ദേവസ്വം പ്രസിഡന്റ് ജഗന്നാഥ ഷേണായി, കമ്മിറ്റിയംഗം ആർ.വെങ്കടേശ്വര പൈ,വി.മോഹൻ ഷേണായ്, ക്ഷേത്രം മേൽശാന്തി എൽ. കൃഷ്ണ ഭട്ട് എന്നിവർ മുഖ്യാതിഥികളായി.