ആലുവ: സീപോർട്ട് - എയർപോർട്ട് റോഡിൽ മഹിളാലയം, ചൊവ്വര ഭാഗത്ത് കൈയേറ്റങ്ങൾ ഒഴിപ്പിച്ചതിന് പിന്നാലെ വീണ്ടും കൈയേറ്റം. ഇരുപാലങ്ങളുടെയും പ്രവേശന കവാടത്തിലാണ് പൊളിച്ചുനീക്കിയ ഷെഡുകൾ പുന:സ്ഥാപിക്കുന്നത്. സീപോർട്ട് എയർപോർട്ട് രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായി തോട്ടുംമുഖം മുതൽ ചൊവ്വര വരെയുള്ള കൈയേറ്റക്കാരോട് സ്വയം ഒഴിയാൻ അധികൃതർ നോട്ടീസ് നൽകിയിരുന്നു. ഗത്യന്തരമില്ലാതെ ഒന്നര മാസങ്ങൾക്ക് ശേഷമാണ് ഷെഡുകൾ പൊളിക്കാൻ കൈയേറ്റക്കാർ തയ്യാറായത്. അത് പൂർത്തിയായപ്പോഴാണ് അടുത്ത സംഘം എത്തിയത്. പൊളിച്ചിട്ട കുറ്റികളും ഷീറ്റുകളും പുന:സ്ഥാപിച്ചാണ് കടകൾ ഉയരുന്നത്.
ജംഗ്ഷനുകളിൽ ഫ്ലക്‌സുകളും സ്ഥാപിച്ചു തുടങ്ങി. അതിവേഗ സഞ്ചാരപാതയെന്ന നിലയ്ക്ക് ആണ് സീപോർട്ട് എയർപോർട്ട് റോഡ് വിഭാവനം ചെയ്തത്. ഏറ്റെടുത്ത സ്ഥലത്ത് റോഡ് വീതിയിൽ നിർമ്മിക്കാതെ കിടക്കുന്നതിനാൽ പലയിടത്തും കൈയേറ്റം രൂക്ഷമാണ്.