മൂവാറ്റുപുഴ: കർഷകർക്ക് അറിവ് പകരുന്നതിനും സംശയ ദൂരീകരണത്തിനും മാതൃകാ കർഷകരെ പരിചയപ്പെടുത്തുന്നതിന്നും മറ്റുമായി ക്ലബ് ഹൗസിൽ ആരംഭിച്ച കർഷക വേദി ശ്രദ്ധേയമാകുന്നു. വിവിധ നാടുകളിൽ ജീവിക്കുന്ന കർഷകർ രാത്രി എട്ടുമണിക്ക് ഒരു മുറിയിലെന്ന പോലെ ഒത്തുചേരുന്നു, കൃഷിക്കാര്യങ്ങൾ ചർച്ച ചെയ്യുന്നു.
എല്ലാ ദിവസവും രാത്രി എട്ടു മുതൽ ഒമ്പതര വരെയാണ് കർഷകർ ഒത്തു ചേരുന്നത്. ക്ലബ്ബ് ഹൗസിൽ മലയാളി കർഷകർക്കായി പ്രവർത്തിക്കുന്ന ഏക ക്ലബ്ബാണിത്. ദിവസേന ഏതെങ്കിലും വിഷയത്തിൽ ഒരു വിദഗ്ദ്ധൻ ക്ലാസ്സെടുക്കും. അറുപതോളം വിഷയങ്ങളിൽ ഇതുവരെ ക്ലാസ്സുകളുണ്ടായി. പതിനഞ്ചോളം മാതൃകാ കർഷകരെ പരിചയപ്പെടുത്തി. എഴുന്നൂറോളം പേർ നിലവിൽ കർഷക വേദി അംഗത്വം എടുത്തിട്ടുണ്ട്. ഏകദേശം അമ്പതോളം പേർ ദിവസവും ക്ലാസ്സുകളിൽ പങ്കെടുക്കുന്നുണ്ട്. റിട്ട കൃഷി ഓഫീസറും സംസ്ഥാന അവാർഡ് ജേതാവും സോഷ്യൽ മീഡിയ വിദഗ്ദ്ധനുമായ ജോഷി.പി.എം, റിട്ട. ഐ.എഫ്.എഫ്.സി.ഒ റീജിയണൽ മാനേജർ ഷംസുദ്ദീൻ പി .എ, റിട്ട. ഫാം സൂപ്രണ്ട് എ.അസീസ്, റിട്ട. പ്രിൻസിപ്പൽ കൃഷി ഒഫീസർ വിക്രമൻ.പി, കോതമംഗലം കൃഷി അസിസ്റ്റന്റ് ഡയറക്ടർ സിന്ധു.വി.പി, സംസ്ഥാന കർഷക അവാർഡ് ജേതാവായ സജീവ് തിരുക്കുളം, സംസ്ഥാന കർഷക അവാർഡ് ജേതാവായ ഖദീജ മുഹമ്മദ്, മാതൃകാ കർഷകനായ നിസാമുദ്ദീൻ, യുവ സമ്മിശ്ര കർഷകൻ രൂപേഷ് അലനെല്ലൂർ, നെൽക്കൃഷി ചെയ്യുന്ന പ്രശാന്ത്, സംയോജിത കർഷകൻ ഇമ്രാൻ പെരുമ്പടപ്പ്, കൊല്ലം വെറ്റിനറി സർജ്ജൻ ഡോ.സുരേഷ്‌കുമാർ വി.പി, സമ്മിശ്ര കർഷകൻ സുലൈമാൻ ആലത്തൂർ എന്നിവരാണ് ക്ലബ്ബ് ഹൗസിലെ കർഷകവേദിക്ക് നേതൃത്വം നൽകുന്നത്.