കൊച്ചി: ആരും അറിയാതെ പെട്ടെന്ന് പൊട്ടിമുളച്ച എം.ജി റോഡ് ഈസ്റ്റ് സന്നിധി റോഡിലെ ബിവറേജസിന് നഗരസഭ പൂട്ടിട്ടു. നഗരസഭയുടെ ലൈസൻസ് ഇല്ലാത്തതിനാലാണ് നടപടി. ആരും അറിയാതെ കഴിഞ്ഞ 27ന് വൈകിട്ടാണ് ഇവിടെ ബിവറേജസ് കോർപ്പറേഷന്റെ മദ്യവില്പനശാല തുടങ്ങിയത്. അന്നുമുതൽ പ്രദേശവാസികൾ വലിയ രീതിയിലുള്ള പ്രതിഷേധം ആരംഭിച്ചിരുന്നു. വലിയ രീതിയിൽ മദ്യപ സംഘം ഇവിടേക്ക് എത്തിയിരുന്നു. ഇവിടം മദ്യപ സംഘങ്ങളുടെ സമ്മേളന വേദിയാകുമെന്ന ആശങ്കയിലായിരുന്നു പ്രദേശവാസികൾ. പ്രശസ്തമായ പൈ തട്ടുകടയ്ക്ക് സമീപമാണ് മദ്യവില്പനശാല.
ഇത് അടച്ചു പൂട്ടണം എന്നാവശ്യപ്പെട്ട് സമീപവാസികൾ സമരസമിതി രൂപീകരിച്ച് റിലേ നിരാഹാര സത്യഗ്രഹം ആരംഭിച്ചിരുന്നു. ഒരു മുന്നറിയിപ്പുമില്ലാതെയായിരുന്നു മദ്യശാലയുടെ രംഗപ്രവേശം. പച്ചാളത്ത് പ്രവർത്തിച്ചിരുന്ന ഷോപ്പാണ് ഇവിടേക്ക് മാറ്റിയത്.
പ്രദേശത്ത് എൺപതോളം കുടുംബങ്ങളുണ്ട്.
ചെറിയ വഴിയായതിനാൽ ബെവ്കോയിലെ ക്യൂവും തിരക്കും മൂലം സമാധാന അന്തരീക്ഷം തന്നെ ഇല്ലാതാകുമെന്ന് ആരോപിച്ച് 5 ദിവസമായി സമരസമിതിയുടെ നേതൃത്വത്തിൽ റിലേ സത്യഗ്രഹം നടന്നു വരുകയായിരുന്നു. ടി.ഡി ക്ഷേത്രം ഇതിനു അടുത്താണ്. എം.ജി റോഡിലേക്ക് കടന്നു പോകാനുള്ള ഇടറോഡാണിത്. മദ്യം വാങ്ങാനെത്തുന്നവർ സ്ത്രീകളോട് അസഭ്യം പറയുകയും ഫോട്ടോ എടുക്കുന്നതും പതിവായിരുന്നു. സമരപ്പന്തലിൽ ഇരിക്കുന്നവരെ മദ്യപസംഘം അസഭ്യം പറയുകയും ഫ്ലക്സുകളും മറ്റും എടുത്തു കൊണ്ടു പോകുകയും ചെയ്തിട്ടുണ്ട്. ഇതിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ലൈസൻസ് കൂടിയേതീരു
ഏത് സ്ഥാപനമാണെങ്കിലും നഗരസഭയുടെ ലൈസൻസ് ഉണ്ടായെ തീരൂ. കൂടാതെ പ്രദേശവാസികളിൽ നിന്നും പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പൂട്ടി സീൽ വച്ചത്.
ജി.കൃഷ്ണകുമാർ
ഹെൽത്ത് ഇൻസ്പെക്ടർ, കൊച്ചി നഗരസഭ.
സമരവിജയം
ലൈസൻസ് ഇല്ലാതെ കച്ചവടം നടത്തുന്നതിനെതിരെ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. മദ്യപരുടെ ശല്യം രൂക്ഷമായിരുന്നു.പാർക്കിംഗ് പോലും ഇല്ലാതെയാണ് ഇവിടെ ഷോപ്പ് ആരംഭിച്ചത്. സമരസമിതിയുടെ വിജയമാണിത്.
സുധ ദിലീപ് കുമാർ
കൗൺസിലർ