
രണ്ട് മാസത്തിനിടെ കൊച്ചിയിലെ മയക്കുമരുന്നുകേസുകളിൽ അറസ്റ്റിലായത് പത്തോളം യുവതികൾ! ചിലർ ഉന്നതപദവിയിൽ ജോലിചെയ്യുന്നവർ. മയക്കുമരുന്ന് മാഫിയയുടെ വലയിൽ വീഴുന്ന യുവതികളുടെ എണ്ണം അസാധാരണമായ വിധം വർദ്ധിക്കുന്നു. ആറ് മാസത്തെ കണക്കെടുത്താൽ കേസുകളിൽപ്പെട്ട യുവതികളുടെ എണ്ണം അമ്പത്.
സംസ്ഥാനത്ത് ലഹരിക്കടത്ത് വർദ്ധിക്കുമ്പോൾ, മയക്കുമരുന്ന് സംഘത്തിന്റെ മായാവലയത്തിൽ വീഴുകയാണ് യുവതികളും. ലഹരിക്ക് അടിമകളാകുന്ന യുവതികൾ ലൈംഗിക ചൂഷണത്തിനും ഇരയാക്കപ്പെടുന്നു. കൊച്ചിയിലെ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണവും ചെന്നുനില്ക്കുന്നത് യുവതികൾ ഉൾപ്പെടുന്ന കേരളത്തിലെ കുപ്രസിദ്ധ ലഹരി മാഫിയയ്ക്ക് മുന്നിലാണ്.
ഈ സംഘത്തിൽ ഉൾപ്പെട്ട ഏഴ് യുവതികളെ പൊലീസ് മയക്കുമരുന്ന് കേസിൽ പ്രതിചേർത്തിട്ടുണ്ട്. യുവഡോക്ടറും ഈ സംഘത്തിലുണ്ട്.
യുവതികൾ മറ
ഒന്നാം ലോക്ക്ഡൗണിന് ശേഷമാണ് സ്ത്രീകളെ വലിയ തോതിൽ മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ചു തുടങ്ങിയത്. ദമ്പതികളെന്ന വ്യാജേന മുറിയെടുത്ത് മയക്കുമരുന്ന് വില്പനയും ഉപയോഗവും സിംപിളായി നടത്താം. കോടികൾ വിലയുള്ള സിന്തറ്റിക്ക് ഡ്രഗാണ് ഒരു വർഷത്തിനിടെ കേരളത്തിൽ നിന്ന് മാത്രം പിടികൂടിയത്. ഇതിൽ ഭൂരിഭാഗം കേസുകളിലും സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്. സ്ത്രീകളുമായി യാത്ര ചെയ്യുമ്പോൾ അത്ര പെട്ടെന്ന് പൊലീസ് പിടികൂടാനുള്ള സാദ്ധ്യതയില്ലാത്തതും പ്രയോജനപ്പെടുത്തുന്നു.
കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മുതലാക്കിയാണ് പലരേയും കെണിയിലാക്കുന്നത്. വയനാട്ടിൽ ടെക്കി യുവതി ഉൾപ്പെടെയുള്ളവരാണ് എം.ഡി.എം.എ. (മെത്തലിൻ ഡയോക്സി മെത്തഫെറ്റാമിൻ ) കടത്തുന്നതിനിടെ പിടിയിലായത്. കാറിൽ കഞ്ചാവ് കടത്തുകയായിരുന്ന ബ്യൂട്ടീഷനായ യുവതിയും യുവാവും കോഴിക്കോട് പൊലീസിന്റെ പിടിയിലായിരുന്നു.
പത്തിരട്ടി കൂടി
സംസ്ഥാനത്ത് കഴിഞ്ഞ ഒമ്പത് മാസത്തിനിടെ പിടികൂടിയത് മുൻ വർഷങ്ങളെ അപേക്ഷിച്ച് പത്തിരട്ടി സിന്തറ്റിക്ക് മയക്കുമരുന്നുകളാണ്. പൊലീസിന്റെ കണക്കനുസരിച്ച് സിന്തറ്റിക് ഡ്രഗ് ഉപയോഗിക്കുന്നതിൽ ഭൂരിഭാഗവും 25 വയസിൽ താഴെയുള്ള യുവതീ യുവാക്കളാണ്. രജിസ്റ്റർ ചെയ്യുന്ന കേസുകൾ ഏറെയും കൊച്ചിയിലാണ്. പിടികൂടുന്നവയിൽ തൊണ്ണൂറ് ശതമാനവും വീര്യമേറിയ മാരക ലഹരി വസ്തുക്കളായ എൽ.എസ്.ഡി സ്റ്റാമ്പ്, എം.ഡി.എം.എ, നൈട്രാസിപാം, ഹാഷിഷ് ഓയിൽ എന്നിവയാണ് .
അതിർത്തികളിൽ പരിശോധന കടുപ്പിച്ചതോടെ കൊറിയർ വഴിയും സംസ്ഥാനത്ത് ലഹരിക്കച്ചവടം നടക്കുന്നുണ്ട്
ഒമ്പത് മാസത്തിനിടെ പിടികൂടിയത്
കഞ്ചാവ് -3873.42 കി. ഗ്രാം
എം.എഡി.എം.എ- 3087.3 ഗ്രാം
ഹാഷിഷ് ഓയിൽ -10527.78 ഗ്രാം
ലഹരി വരും 'പോത്ത് വഴി
ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക് മാരക രാസലഹരി കടത്താൻ ഇടനിലക്കാർ ഉപയോഗിക്കുന്നത് പോത്തുകളെ! ബംഗാൾ അതിർത്തിയോട് ചേർന്ന ജലംഗി കേന്ദ്രീകരിച്ചാണ് കോടികളുടെ ലഹരിക്കടത്ത്. കാലി മേയ്ക്കാനെന്ന വ്യാജേന ഇന്ത്യൻ അതിർത്തിയിൽ നിന്നും പോത്തുകളെ ബംഗ്ലാദേശിൽ എത്തിക്കുകയാണ് ആദ്യഘട്ടം. പോത്തുകളുടെ ദേഹത്ത് ലഹരിപൊതികൾ പതിപ്പിച്ച് വൈകിട്ട് തിരികെ കൊണ്ടുവരികയാണ് ചെയ്യുന്നത്. പ്രതിദിനം ആയിരത്തിലധികം പോത്തുകളെ ഇത്തരത്തിൽ ലഹരി കടത്തിന് ഉപയോഗിക്കുന്നു. ഈ സംഘങ്ങളുടെ പ്രധാന മാർക്കറ്റുകളിലൊന്ന് കേരളമാണ്.
അന്താരാഷ്ട്ര ലഹരി മാർക്കറ്റിൽ കോടികൾ വിലമതിക്കുന്ന രാസലഹരികൾക്ക് ബംഗ്ലാദേശിൽ തുച്ഛമായ നിരക്കേയുള്ളൂ. ചൈനാ വൈറ്റ് എന്ന പേരിൽ അറിയപ്പെടുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന ഹെറോയിനുമായി പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി ഇംദാദുൽ ബിശ്വാസ് പിടിയിലായതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പോത്ത് കടത്ത് എക്സൈസ് തിരിച്ചറിഞ്ഞത്.
ബ്രഹ്മപുത്രയുടെ കൈവഴിയായ പത്മ നദീതീര ഗ്രാമമാണ് ജലംഗി. പത്മാ നദിക്ക് അക്കരെ ബംഗ്ലാദേശാണ്. ജലംഗിയിലെ ഭൂരിഭാഗം ജനങ്ങളും ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റക്കാരാണ്. അധികവും കർഷകർ. ജലംഗി നിവാസികളുടെ ബന്ധുക്കൾ ഏറെയും ബംഗ്ലാദേശിലാണ്. പ്രത്യേക അനുമതിയോടെ ഇവർക്ക് ബംഗ്ലാദേശിലേക്ക് പോകാം. സാധാരണ ശൈത്യകാലത്താണ് ഇവിടത്തുകാർ ബന്ധുക്കളെ കാണാൻ ബംഗ്ലാദേശിലേക്ക് പോകുന്നത്. ഈ സമയം പത്മനദിയിൽ വെള്ളം തീരെ കുറവായിരിക്കും. ക്ഷീരകർഷകർ പതിവായി പോത്തുകളെ നദിക്ക് അക്കരെ എത്തിച്ചാണ് മേയ്ക്കുന്നത്. ഇതിന് പ്രത്യേകം പാസ് അനുവദിച്ചിട്ടുണ്ട്. ഈ പാസിന്റെ മറവിലാണ് ലഹരികടത്ത്.
( തുടരും )