പള്ളുരുത്തി: പട്ടികജാതിക്കാരനായ യുവാവിനെ പള്ളുരുത്തി പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മർദ്ദിച്ച സംഭവത്തിൽ ഇതു വരെ മൊഴി പോലും രേഖപ്പെടുത്തിയില്ലെന്ന് പരാതി. മർദ്ദനമേറ്റതിനു ശേഷം പൊലീസിന്റെ ഭാഗത്ത് നിന്ന് പലതവണ ഒത്തുതീർപ്പ് ശ്രമം നടത്തുകയല്ലാതെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്ന് കാണിച്ച് യുവാവ് മുഖ്യമന്ത്രിക്ക് പരാതി നൽകി. കഴിഞ്ഞ 26നായിരുന്നു സംഭവം. ഇടക്കൊച്ചി കണ്ണങ്ങാട്ട് വളഞ്ചേരിത്തറ വീട്ടിൽ വി.എ.സജീഷ് കുമാറാണ് (31) പള്ളുരുത്തി സി.ഐ. മർദ്ദിച്ചതിനെ തുടർന്ന് കരുവേലിപ്പടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. കണ്ണങ്ങാട്ട് പാലത്തിന് സമീപം മത്സ്യക്കച്ചവടം നടത്തുകയായിരുന്നു സജീഷ്. ഇവിടെ തന്നെ കച്ചവടം നടത്തുന്ന സി.ഐ യുടെ ബന്ധുവിന്റെ മീൻ വില്പന നടത്തുന്ന തട്ട് കാണാതായതിന്റെ പേരിൽ വിളിച്ചു വരുത്തി മർദ്ദിക്കുകയായിരുന്നുവെന്ന് സജീഷ് പറയുന്നു. മർദ്ദനമേറ്റതിനു ശേഷം മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതിനിടെ ചില പൊലീസ് ഉദ്യോഗസ്ഥർ പ്രശ്നം ഒത്തുതീർപ്പാക്കുന്നതിന് സമീപിക്കുകയും പണം വാഗ്‌ദ്ധാനം ചെയ്തെന്നും സജീഷ് പറയുന്നു. പട്ടികജാതി വികസന വകുപ്പ് മന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്. അതേസമയം, പരാതിയുടെ അടിസ്ഥാനത്തിൽ സജീഷിനെ സ്റ്റേഷനിൽ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയെങ്കിലും ദേഹോപദ്രവം ചെയ്തിട്ടില്ലെന്ന് സി.ഐ.സിൽവസ്റ്റർ പറഞ്ഞു. മട്ടാഞ്ചേരി എ.സിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ന് യുവാവിന്റെ മൊഴിയെടുക്കുമെന്നും സി.ഐ. പറഞ്ഞു.