
പള്ളുരുത്തി: ഇടക്കൊച്ചിയിൽ ദേശാടന പക്ഷികൾ ചേക്കേറുന്ന കണ്ടൽക്കാടുകൾ വെട്ടിനിരത്തി തണ്ണീർത്തടം നികത്തുന്നതായി പരാതി. അപൂർവയിനം കണ്ടൽച്ചെടികൾ നിറഞ്ഞതും പക്ഷികൾ എത്തുന്ന പ്രദേശമാണ് സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിൽ വ്യാപകമായി നികത്തുന്നത്. ഇടക്കൊച്ചി ഇന്ദിരാഗാന്ധി റോഡിന് കിഴക്ക് വശമുള്ള ഈ പ്രദേശത്ത് ആശുപത്രി മാലിന്യങ്ങളും പൂഴിമണലും ഉപയോഗിച്ചാണ് നികത്തൽ നടക്കുന്നത്. രാത്രി കാലങ്ങളിൽ ലോറികളിൽ ആശുപത്രി മാലിന്യങ്ങളും മണ്ണും എത്തിച്ചാണ് നികത്തൽ. ആശുപത്രി മാലിന്യം പ്രദേശത്ത് തള്ളിയതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നു. ഇതിന് ശേഷമാണ് ഇവിടെ നിന്ന് നീക്കം ചെയ്തത്. മാലിന്യം സമീപപ്രദേശത്ത് നിക്ഷേപിച്ചതായി നാട്ടുകാർ പറയുന്നു. പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശമായതിനാൽ തണ്ണീർത്തടത്തിൽ തള്ളിയ മണ്ണ് അടിയന്തരമായി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഗ്രീൻ കൊച്ചി പ്രസിഡന്റ് വി.കെ.അരുൺകുമാർ റവന്യൂ അധികൃതർക്കും കണ്ടൽക്കാടുകൾ വെട്ടിനശിപ്പിച്ചതിന് പൊലീസിനും വനംവകുപ്പിനും പരാതി നൽകിയിരിക്കുകയാണ്.