 
മട്ടാഞ്ചേരി: കൊച്ചി താലൂക്കിൽ സ്വകാര്യ വ്യക്തികൾ അനധികൃതമായി കൈവശം വെച്ച സർക്കാർ ഭൂമി ഏറ്റെടുക്കുന്ന നടപടി തുടരുന്നു. ഫോർട്ട്കൊച്ചി സബ് കളക്ടർ പി.വിഷ്ണുരാജിന്റെ നേതൃത്വത്തിലാണ് നടപടി. ഇന്നലെ മട്ടാഞ്ചേരി, പുതുവൈപ്പ് വില്ലേജുകളിലായി ഒമ്പത് ആർ സർക്കാർ പുറമ്പോക്ക് ഭൂമിയാണ് ഏറ്റെടുത്തത്. മട്ടാഞ്ചേരി വില്ലേജിൽ വിവിധ സർവേകളിലായി 4.92 ആർ ഭൂമിയാണ് ഏറ്റെടുത്തത്. ശ്രീനിവാസ കിണിയെന്നയാൾക്ക് ലീസിന് നൽകിയ ഭൂമി പിന്നീട് ലീസ് പുതുക്കാതെ സ്വകാര്യ വ്യക്തിക്ക് കൈമാറുകയായിരുന്നു. ഈ ഭൂമിയാണ് റവന്യൂ വകുപ്പ് ഏറ്റെടുത്ത് ബോർഡ് സ്ഥാപിച്ചത്. ഏറ്റെടുത്ത ഭൂമിയിൽ ഒരു കെട്ടിടവുമുണ്ട്. ഇതിന് സമീപത്തെ സർക്കാർ ലീസ് കുടിശിഖയുള്ള ഭൂമിയും ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പിലാണ് റവന്യൂ വകുപ്പ്.ചിലർ ലീസ് പുതുക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്ന് റവന്യൂ അധികൃതർ പറഞ്ഞു. ഇവർ അപേക്ഷ തരുന്ന പക്ഷം പരിഗണിക്കുമെന്നും അധികൃതർ പറഞ്ഞു. പുതുവൈപ്പ് വില്ലേജിൽ സ്വകാര്യ വ്യക്തി കയ്യേറിയ 4.39 ആർ ഭൂമിയാണ് ഏറ്റെടുത്തത്. മട്ടാഞ്ചേരിയിൽ ഫോർട്ട്കൊച്ചി മുതൽ ബി.ടി പാലം വരെ കായൽ പുറമ്പോക്ക് കയ്യേറിയതും ഒഴിപ്പിക്കാനുള്ള നീക്കത്തിലാണ് അധികൃതർ. ഇതിലൂടെ ഒരു തീരദേശ റോഡും അധികൃതർ ലക്ഷ്യം വെക്കുന്നുണ്ട്. ഒരു വില്ലേജിൽ അനധികൃതമായി സ്വകാര്യ വ്യക്തികൾ കൈവശം വെച്ചിട്ടുള്ള ഒരു ഭൂമിയെങ്കിലും ഏറ്റെടുക്കണമെന്ന കർശന നിർദ്ദേശമാണ് ജില്ലാ ഭരണകൂടം കൊച്ചി താലൂക്ക് അധികൃതർക്ക് നൽകിയിട്ടുള്ളത്. കൊച്ചി തഹസിൽദാർ സുനിത ജേക്കബ്, അഡീഷണൽ തഹസിൽദാർ ബെന്നി സെബാസ്റ്റ്യൻ, ഡെപ്യൂട്ടി തഹസിൽദാർ ജോസഫ് ആന്റണി ഹെർട്ടിസ്, വില്ലേജ് ഓഫീസർമാരായ സിനു, കൃഷ്ണകുമാർ എന്നിവരും ഇരു വില്ലേജുകളിലും ഭൂമി ഏറ്റെടുക്കൽ നടപടിക്ക് നേതൃത്വം നൽകി.