kerala-high-court

കൊച്ചി: വിചാരണ കോടതികളിലെ പബ്ലിക്ക് പ്രോസിക്യൂട്ടർ നിയമനത്തിൽ ജില്ലാ പ്രിൻസിപ്പൽ ജഡ്ജിമാരിൽനിന്ന് ഹൈക്കോടതി റിപ്പോർട്ട് തേടി. പ്രധാനപ്പെട്ട പല കേസുകളിലും പ്രോസിക്യൂഷന് ഗുരുതരവീഴ്ചകളുണ്ടാകുന്ന സാഹചര്യത്തിൽ ഡിവിഷൻബെഞ്ച് സ്വമേധയാ എടുത്ത ഹർജിയിലാണ് നടപടി.

ക്രിമിനൽ, പോക്സോ കേസുകളിലെ പബ്ലിക്, സ്പെഷ്യൽ പ്രോസിക്യൂട്ടർ നിയമനത്തിൽ പിന്തുടരുന്നരീതിയും പ്രിൻസിപ്പൽ ജില്ലാ ജഡ്ജിമാരുമായി കൂടിയാലോചന നടത്തണമെന്ന ക്രിമിനൽ നടപടി ചട്ടത്തിലെ വ്യവസ്ഥകളും പാലിക്കപ്പെടുന്നുണ്ടോയെന്നാണ് ജില്ലാ പ്രിൻസിപ്പൽ ജഡ്ജിമാർ റിപ്പോർട്ട് നൽകേണ്ടത്. ഡിസംബർ ആറിനകം ഇത് സമർപ്പിക്കണം.

ചില ക്രിമിനൽ കേസുകളിലെ അപ്പീലുകളിൽ ഉണ്ടായ വീഴ്ചകളാണ് ഹൈക്കോടതി റിപ്പോർട്ട് തേടാൻ കാരണമായത്. പബ്ലിക് പ്രോസിക്യൂട്ടർ നിയമനം സർക്കാരിന്റെ അധികാരമാണെങ്കിലും സർക്കാരിന് ഇക്കാര്യത്തിൽ പൂർണസ്വാതന്ത്ര്യമില്ലെന്ന് കഴിഞ്ഞതവണ കേസ് പരിഗണിക്കവേ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
സെഷൻസ് ജഡ്ജിയുമായി കൂടിയാലോചിച്ച് ജില്ലാ കളക്ടർമാർ നൽകുന്ന പാനലിൽനിന്നാണ് പബ്ലിക് പ്രോസിക്യൂട്ടർമാരെ ക്രിമിനൽ നടപടി ചട്ടപ്രകാരം നിയമിക്കുന്നത്. രാഷ്‌ട്രീയ ഇടപെടലുകളാൽ കളക്ടർമാർക്ക് പലപ്പോഴും മികച്ച പാനൽ തയ്യാറാക്കാൻ കഴിയുന്നില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

ഹൈക്കോടതി പരാമർശിച്ച തോറ്റ ചില കേസുകൾ

 പെരുമ്പാവൂരിൽ ടാക്സിഡ്രൈവറെ കൊന്ന് കാർ തട്ടിയെടുത്ത പ്രതികൾക്കെതിരെ മതിയായ തെളിവ് നൽകാൻ പ്രോസിക്യൂഷന് കഴിയാത്തതിനാൽ വിചാരണ കോടതി വിധിച്ച ശിക്ഷ റദ്ദാക്കി വെറുതെ വിടേണ്ടിവന്നു.

 മഞ്ചേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. പോക്സോ റദ്ദാക്കേണ്ടി വന്നു.