ആലുവ: കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രതിപക്ഷനേതാവിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗവുമായ എ.എ. അജ്മലിനെ ആലുവ പൊലീസ് അകാരണമായി മർദ്ദിച്ചതായി പരാതി. വെള്ളിയാഴ്ച രാത്രി ആലുവ ബാങ്ക് കവലയിൽ വച്ചാണ് സംഭവം. വെള്ളിയാഴ്ച തൊടുപുഴയിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ 'മകൾക്കൊപ്പം' എന്ന കാമ്പയിന്റെ മൂന്നാംഘട്ടത്തിന്റെ ഉദ്ഘാടനം നടന്നിരുന്നു. ആലുയിൽ ഭർതൃപീഡനത്തെത്തുടർന്ന് ആത്മഹത്യചെയ്ത മോഫിയ പർവീന്റെ പിതാവ് ദിൽഷാദിനെ പരിപാടിയിൽ പങ്കെടുപ്പിച്ചത് അജ്മലാണ്. അജ്മലിന്റെ ബൈക്ക് ബാങ്ക് കവലയിൽ പാർക്കുചെയ്ത ശേഷമാണ് കാറിൽ ദിൽഷാദുമായി പരിപാടി സ്ഥലത്തെത്തിയത്. തിരിച്ചെത്തിയശേഷം മറ്റ് ചില പരിപാടികളിൽകൂടി പങ്കെടുത്ത് അജ്മൽ വീട്ടിലേക്ക് മടങ്ങാൻ തുടങ്ങുമ്പോൾ ബൈക്കിലെത്തിയ രണ്ട് പൊലീസുകാർ ചോദ്യംചെയ്യുകയും പിന്നീട് മർദ്ദിക്കുകയും ചെയ്തെന്നാണ് പരാതി. 'എന്തിനാടാ ഇവിടെ നിൽക്കുന്നേ വീട്ടിൽ പോടാ' എന്ന് പറഞ്ഞായിരുന്നു ഭീഷണിയും ചോദ്യംചെയ്തപ്പോൾ മർദ്ദനവും നടന്നത്. പിന്നീട് സ്റ്റേഷനിൽ നിന്നെത്തിയ എസ്.ഐയും മർദ്ദിച്ചതായി ആശുപത്രിയിൽ കഴിയുന്ന അജ്മൽ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫ് അംഗമാണെന്നും കെ.എസ്.യു ഭാരവാഹിയാണെന്ന് പറഞ്ഞിട്ടും മർദ്ദനം തുടർന്നെന്നും അജ്മൽ പറയുന്നു. ആലുവ കാരോത്തുകുഴി ആശുപത്രിയിൽ കഴിയുന്ന അജ്മലിനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, അൻവർ സാദത്ത് എം.എൽ.എ എന്നിവർ സനന്ദർശിച്ചു.
ആലുവയിലെ പൊലീസ് ക്രിമിനൽ
സംഘമായെന്ന് എം.എൽ.എ
ആലുവ: ആലുവ പൊലീസ് ക്രിമിനൽ സംഘമായി അധപ്പതിച്ചിരിക്കുകയാണെന്ന് അൻവർ സാദത്ത് എം.എൽ.എ ആരോപിച്ചു. പ്രതിപക്ഷനേതാവിന്റെ സ്റ്റാഫ് അംഗവും കെ.എസ്.യു സംസ്ഥാന സെക്രട്ടറിയുമായ അജ്മലിനാണ് അവസാനമായി പൊലീസ് ഭീകരത ഏറ്റുവാങ്ങേണ്ടിവന്നത്. ക്രിമിനൽ സ്വഭാവമുള്ള പൊലീസുകാരെ സർവീസിൽ നിന്ന് പിരിച്ചുവിടണം.
മോഫിയ പർവീണിന് നീതി ലഭിക്കുന്നതിനായി കോൺഗ്രസ് നടത്തിയ സമരത്തെത്തുടർന്ന് സി.ഐയെ സസ്‌പെൻഡ് ചെയ്യിച്ചതിലുള്ള വിരോധമാണ് കെ.എസ്.യു നേതാവിനുനേരെ നടന്ന മർദ്ദനത്തിന് കാരണം. ഇതിന് ആലുവയിലെ പൊലീസ് കനത്ത വിലനൽകേണ്ടിവരുമെന്നും ജനപ്രതിനിധി എന്ന നിലയിൽ തനിക്കിത് കൈയുംകെട്ടി നോക്കിനിൽക്കുവാൻ സാധിക്കുകയില്ലെന്നും എം.എൽ.എ പറഞ്ഞു.