ആലുവ: കോൺഗ്രസ് കളമശ്ശേരി ബ്ലോക്ക് കമ്മിറ്റിയിൽ കോൺഗ്രസ് ഭരിക്കുന്ന കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ യൂത്ത് കോൺഗ്രസ് നേതാവ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് അൻവർ എന്നിവർക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിൻഷാദ് ജിന്നാസാണ് രൂക്ഷ വിമർശനം ഉന്നയിച്ചത്.

കോൺഗ്രസ് പ്രവർത്തകരെ ഭരണത്തിൽ നിന്നകറ്റി ബി.ജെ.പി, എസ്.ഡി.പി.ഐ കക്ഷികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് പ്രധാന ആരോപണം. പഞ്ചായത്ത്തലത്തിൽ രൂപീകരിക്കുന്ന പല കമ്മിറ്റികളിലും പാർട്ടി പ്രതിനിധികളെ ഉൾപ്പെടുത്താതെ വർഗീയപാർട്ടികളുടെ പ്രതിനിധികൾക്ക് അമിതപ്രാധാന്യം നൽകുന്നു. യൂത്ത് കോൺഗ്രസ് പരിപാടികളെ പിന്തുണയ്ക്കുന്നില്ലെന്നും ജിൻഷാദ് ആരോപിച്ചു. അതേസമയം,​ എ ഗ്രൂപ്പുകാരനായ യൂത്ത് കോൺഗ്രസ് നേതാവിന്റെ ആരോപണത്തെ പ്രതിരോധിക്കാൻ യോഗത്തിൽ ഉണ്ടായിരുന്ന ഐ വിഭാഗം നേതാക്കൾ രംഗത്ത് വരാതിരുന്നത് ഗ്രൂപ്പിനുള്ളിലെ വിഭാഗീയത തുറന്ന് കാട്ടുന്നതാണ്. ബ്ലോക്ക് പ്രസിഡന്റ് വി.കെ. ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. ഡി. സി.സി സെക്രട്ടറിമാരായ കെ.കെ. ജിന്നാസ്, ജോസഫ് ആന്റണി എന്നിവർ സംബന്ധിച്ചു.