കോലഞ്ചേരി: തമ്മാനിമറ്റത്തെ പുളിന്താനത്ത് പുത്തൻപുരയിലെ ആട്ടിൻകൂട് ഇന്ന് പുസ്തക പ്രകാശന വേദിയാകും. അമ്മു എന്ന പെൺകുട്ടിയും കുഞ്ഞിമാളു എന്ന ആട്ടിൻകുട്ടിയും തമ്മിലുള്ള അപൂർവ്വ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കഥ പറയുന്ന ബാലസാഹിത്യകൃതിയുടെ പ്രകാശനത്തിനാണ് ഈ ആട്ടിൻ കൂട് വേദിയാകുന്നത്. പഠനത്തോടൊപ്പം ആട്, പശു അടക്കമുള്ള മൃഗങ്ങളെ പരിപാലിക്കുന്ന രാമമംഗലം ഹൈസ്കൂൾ വിദ്യാർത്ഥി ഗണേഷ് .ഡി.മണിയുടേതാണ് ഈ ആട്ടിൻകൂട്. ഇവിടുത്തെ ആട്ടിൻകുട്ടികളെ സാക്ഷിയാക്കിയാണ് ചടങ്ങ്. ഉച്ചയ്ക്ക് 12 ന് അദ്ധ്യാപക ദമ്പതികളായ പി.കെ.പി.കർത്താ-ശാന്ത ദേവി എന്നിവർ ചേർന്ന് കറുകപ്പിള്ളി ജി.യു.പി.എസ് ഹെഡ് മാസ്റ്റർ മധുസൂദനന് നൽകി പ്രകാശനം ചെയ്യും. ബാലസാഹിത്യകാരനും അദ്ധ്യാപകനുമായ ഹരീഷ് ആർ. നമ്പൂതിരിപ്പാടാണ് കൃതിയുടെ രചയിതാവ്. രാമമംഗലം ഹൈസ്കൂളിലെ ക്ഷീരക്ലബ്ബ് അംഗങ്ങളായ വിദ്യാർത്ഥികൾ പ്രകാശന ചടങ്ങിൽ പങ്കെടുക്കും.